കർഷക സമര സ്ഥലത്ത് യുവാവിനെ കൊലപ്പെടുത്തി പൊലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കി, കൈത്തണ്ട മുറിച്ചു മാറ്റിയ നിലയിൽ

ഡൽഹി സിംഘു അതിർത്തിയിലെ കർഷകരുടെ സമരസ്ഥലത്ത് ഒരു യുവാവിന്റെ മൃതദേഹം പൊലീസ് ബാരിക്കേഡിൽ കെട്ടിതൂക്കിയ നിലയിൽ കണ്ടെത്തി. മൃതദേഹത്തിന്റെ ഇടതു കൈത്തണ്ട മുറിച്ചു മാറ്റിയ നിലയിലാണ്. നിലത്ത് ചോര തളം കെട്ടിയിട്ടുണ്ട്.

ഹരിയാനയിലെ സോണിപത് ജില്ലയിലെ കുണ്ഡലിയിൽ നടന്ന ക്രൂരമായ കൊലപാതകത്തിന് പിന്നിൽ നിഹാങ് എന്ന സിഖ് സംഘമാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നത്.

ഒരു കൂട്ടം നിഹാങ്ഗുകൾ ഒരു യുവാവിന്റെ കൈത്തണ്ട മുറിച്ചു മാറ്റിയ ശേഷം അയാൾക്ക്‌ മുകളിൽ നിൽക്കുന്നതിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. നിഹാങ്ഗുകളിൽ ചിലർ കുന്തം കൈയിൽ പിടിച്ച് യുവാവിന് ചുറ്റും നിൽക്കുകയും അയാളോട് തന്റെ പേരും ഗ്രാമവും പറയുവാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കേൾക്കാം. വീഡിയോയിലെ പുരുഷന്മാർ ആരും തന്നെ മുറിവേറ്റ മനുഷ്യനെ സഹായിക്കാൻ ഒരു നീക്കവും നടത്തുന്നില്ല.

സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിനെ അപകീർത്തിപ്പെടുത്തി എന്ന് ആരോപിച്ചാണ് യുവാവിനെ നിഹാങ്ഗുകൾ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോർട്ട്. യുവാവ് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. യുവാവിനെതല്ലികൊന്നതിന് ശേഷം മൃതദേഹം പൊലീസ് ബാരിക്കേഡിൽ കെട്ടി തൂക്കിയിട്ടു, തുടർന്ന് കൈത്തണ്ട മുറിച്ചു. സോണിപത് പൊലീസ് മൃതദേഹം സിവിൽ ആശുപത്രിയിലേക്ക് മാറ്റി. ക്രൂരമായ സംഭവത്തെക്കുറിച്ച് പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.