ഫാസിസക്കുഴലിന് നിശ്ശബ്ദമാക്കാന്‍ സാധിക്കാത്ത ഗൗരി ലങ്കേഷിന്റെ ധീര രക്തസാക്ഷിത്വത്തിന് ഇന്ന് ആറാണ്ട്

ഹിന്ദുത്വ തീവ്രവാദികളുടെ മൂന്ന് വെടിയുണ്ടകളാല്‍ ചേതനയറ്റ നിര്‍ഭയ മാധ്യമ പ്രവര്‍ത്തകയുടെ ഓര്‍മ്മയ്ക്ക് ഇന്ന് ആറാണ്ട് തികയുകയാണ്. 2017 സെപ്റ്റംബര്‍ 5ന് രാത്രി എട്ടോടെയാണ് ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീടിന് മുന്നില്‍ ഗൗരി ലങ്കേഷ് വെടിയേറ്റ് വീണത്. ആക്ടിവിസ്റ്റ്-ജേണലിസ്റ്റ് എന്നിങ്ങനെയാണ് ഗൗരി ലങ്കേഷ് സ്വയം പരിചയപ്പെടുത്തിയിരുന്നത്.

ടൈംസ് ഓഫ് ഇന്ത്യയിലൂടെയായിരുന്നു ഗൗരി തന്റെ കര്‍മ്മപഥം ആരംഭിക്കുന്നത്. പിന്നീട് സണ്‍ഡേ മാഗസിന്‍ ഉള്‍പ്പെടെയുള്ള പത്രങ്ങളില്‍ ജോലി ചെയ്തു. പിതാവ് ലങ്കേഷിന്റെ മരണത്തോടെ ബെംഗളൂരുവില്‍ തിരിച്ചെത്തി. തുടര്‍ന്ന് അദ്ദേഹത്തിന്റെ കന്നഡ ടാബ്ലോയിഡ് വാരികയായ ലങ്കേഷ് പത്രികെ, ഗൗരി ലങ്കേഷ് പത്രികെ എന്ന പേരില്‍ പുറത്തിറക്കി. സര്‍ക്കാരില്‍ നിന്നോ കോര്‍പ്പറേറ്റുകളില്‍ നിന്നോ പരസ്യം സ്വീകരിക്കാതെ കുടുംബത്തിന്റെ പ്രസാധക കമ്പനിയായ ലങ്കേഷ് പ്രകാശനയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചായിരുന്നു ഗൗരി ലങ്കേഷ് പത്രികെയുടെ പ്രവര്‍ത്തനം.

2008ല്‍ ബിജെപി നേതാക്കള്‍ക്കെതിരെ നല്‍കിയ അഴിമതി വാര്‍ത്തയെ തുടര്‍ന്ന് പ്രഹ്ലാദ് ജോഷിയും ഉമേഷ് ദൂഷിയും ഗൗരിയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ഏറെക്കാലം നീണ്ടുനിന്ന കേസിനൊടുവില്‍ ആറുമാസം തടവും 10,000 രൂപ പിഴയും കോടതി വിധിച്ചു. വിധി വന്ന അന്നുതന്നെ കേസില്‍ ജാമ്യം നേടിയ ഗൗരി ലങ്കേഷ് പറഞ്ഞത് എന്റെ രാഷ്ട്രീയം ജനങ്ങളിലെത്തിക്കാന്‍ പത്ര റിപ്പോര്‍ട്ടിനേക്കാള്‍ ഈ കേസ് ഗുണം ചെയ്തുവെന്നാണ്.

ഫാഷിസത്തിന്റെ തോക്കിന്‍ കുഴല്‍ തുപ്പിയ വെടിയുണ്ടകളില്‍ ഗൗരി നിശ്ചലമായപ്പോള്‍, 80ലേറെ കേസുകളായിരുന്നു ആ ധീരത വനിതയ്ക്ക് സ്വന്തമായുണ്ടായിരുന്നത്. തീവ്ര ഹിന്ദുത്വത്തിനും ജാതി വ്യവസ്ഥയ്ക്കുമെതിരെ സമരസപ്പെടാത്ത സമീപനമായിരുന്നു ഗൗരിയുടേത്. തത്വചിന്തകനായിരുന്ന ബസവണ്ണയെയും അദ്ദേഹത്തിന്റെ ആശയങ്ങളെ പിന്തുടരുന്ന ലിംഗായത്ത് സമുദായവും ഹിന്ദുക്കളല്ലെന്നും, പ്രത്യേക മതത്തിനായുള്ള ലിംഗായത്തുകളുടെ ആവശ്യം അംഗീകരിക്കപ്പെടേണ്ടതാണെന്നും ഗൗരി തന്റെ തൂലികയിലൂടെ ഐക്യദാര്‍ഢ്യം നല്‍കി. ഇത് തന്നെയായിരുന്നു സനാതന്‍ സന്‍സ്തയുടെ വിരോധത്തിന് ഗൗരി പാത്രമാകുന്നതിനുള്ള പ്രധാന കാരണവും.

കള്‍ബുര്‍ഗിയെ കൊലപ്പെടുത്തിയ അതേ തോക്കില്‍ നിന്ന് തന്നെ ആയിരുന്നു ഗൗരിയ്ക്ക് നേരെയും നിറയൊഴിച്ചത്. ഗൗരിയ്ക്ക് നേരെ വെടിയുതിര്‍ത്ത പരശുറാം വാഗ്മോറാണ് ദഭോല്‍കറെ വെടിവച്ചതെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഭരണകൂടം നേരിട്ട് സ്‌പോണ്‍സര്‍ ചെയ്യുന്ന ആള്‍ക്കൂട്ടക്കൊലയും കലാപവും എവിടെ എപ്പോള്‍ വേണമെങ്കിലും ആവര്‍ത്തിക്കാമെന്ന അനുഭവ തെളിച്ചത്തിലാണ് ഗൗരി ലങ്കേഷിന്റെ ആറാം രക്തസാക്ഷിത്വ ദിനം കടന്നു പോകുന്നത്.