എറണാകുളം ബിഷപ്പ് ഹൗസ് സംഘർഷം: വൈദികർക്കെതിരെ മൂന്നു കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സിനഡും അതിരൂപത ഭരണാധികാരികളും തയ്യാറാകുന്നില്ലെന്നാരോപിച്ച് വിമത വൈദികരുടെ പ്രതിഷേധത്തില്‍ നടന്ന സംഘർഷത്തിൽ വൈദികർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്ത് പോലീസ്.

അതിക്രമിച്ച് കയറി നാശനഷ്ടങ്ങൾ ഉണ്ടാക്കിയതിനെതിരെ 21 വൈദികർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കൂടാതെ എസ് ഐ അടക്കം ഉള്ളവരെ അക്രമിച്ചതിനും വഴി തടഞ്ഞതിനും എതിരെയാണ് ഇപ്പോൾ കേസുകൾ എടുത്തിരിക്കുന്നത്. മേജർ ആർച്ച് ബിഷപ് റാഫേൽ തട്ടിൽ ബിഷപ്പ് ഹൗസിൽ എത്തി.

പ്രതിഷേധിക്കുന്ന 21 വൈദികരില്‍ 4 പേരെ സസ്‌പെന്‍ഡ് ചെയ്തു. ഇവരടക്കം എല്ലാവരോടും പുറത്ത് പോകാന്‍ അപ്പോസ്തലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുലര്‍ച്ചെ പൊലീസ് നടപടി ഉണ്ടായത്. വ്യാഴാഴ്ച രാവിലെയോടെയാണ് 21 വൈദികര്‍ ബിഷപ്പ് ഹൗസില്‍ നിലയുറപ്പിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സംഘവും പുറത്ത് നിലയുറപ്പിച്ചിരുന്നു

പൊലീസിന്റെ സംരക്ഷണയുള്ള എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാന മന്ദിരത്തിന്റെ വശങ്ങളിലുള്ള പ്രവേശന കവാടത്തിലൂടെയാണ് വൈദികര്‍ ഉള്ളില്‍ കയറിയത്. രാത്രി സമാധാനമായി കിടന്നുറങ്ങിയ വൈദികരെ വലിച്ചിഴച്ച് കൊണ്ടുവന്നുവെന്നാണ് വൈദികരുടെ ആരോപണം.