അതിജീവിതയുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള കോടതിയുടെ പരാമര്‍ശങ്ങള്‍ അതീവ ദൗര്‍ഭാഗ്യകരം; അപലപിച്ച് ദേശീയ വനിതാ കമ്മീഷന്‍

സിവിക് ചന്ദ്രനെതിരെയുള്ള ലൈംഗിക പീഡനക്കേസില്‍ കോഴിക്കോട് സെഷന്‍സ് കോടതി നിരീക്ഷണങ്ങളെ അപലപിച്ച് ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ. ലൈംഗിക അതിക്രമ കേസില്‍ പരാതിക്കാരിയുടെ വസ്ത്രം സംബന്ധിച്ച കോടതിയുടെ നിരീക്ഷണം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് രേഖ ശര്‍മ പ്രതികരിച്ചു.

വിധിയിലെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ കോടതി അവഗണിച്ചെന്നും രേഖ ശര്‍മ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ പ്രതികരണം. എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രനെതിരായ പീഡനക്കേസിലെ ഉത്തരവിലായിരുന്നു കോടതിയുടെ വിവാദ പരാമര്‍ശം.

പരാതിക്കാരി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡന പരാതി നിലനില്‍ക്കില്ലെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. ജാമ്യാപേക്ഷയ്ക്കൊപ്പം സിവിക് ചന്ദ്രന്‍ കോടതിയില്‍ സമര്‍പ്പിച്ച ചിത്രങ്ങളില്‍ പരാതിക്കാരിയുടെ വസ്ത്രധാരണരീതി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്നതാണെന്ന് വ്യക്തമാണെന്നും, പരാതിക്കാരിയെ ബലം പ്രയോഗിക്കാന്‍ അംഗപരിമിതനായ പ്രതിക്ക് കഴിയുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.