മോദിയുടെ മുസ്ലിം വിരുദ്ധ പ്രസംഗത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് കമ്മീഷൻ. രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിലെ മുസ്ലീം പരാമര്‍ശത്തിൽ പ്രതിപക്ഷം നടപടിയാവശ്യം ശക്തമാക്കുന്നതിനിടെയാണ് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിഞ്ഞു മാറിയത്.
വിവാദ പരാമശം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പ്രതികരിക്കാനില്ലെന്നാണ് കമ്മീഷന്റെ വക്താവ് വ്യക്തമാക്കിയത്. പരാമര്‍ശത്തിൽ മോദിക്കെതിരെ പരാതി കിട്ടിയോ എന്ന ചോദ്യത്തിനും കമ്മീഷൻ മറുപടി നൽകിയില്ല. മോദിയുടെ വിവാദ പ്രസംഗത്തിനെതിരെ കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസും കമ്മീഷനെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു.