സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങള്‍ രാജ്യത്തിന്‍റെ വളർച്ചയുടെ ബ്ലൂ പ്രിന്റ്, പബ്ലിസിറ്റിയല്ല; 2047ല്‍ 'വികസിത ഭാരത' ലക്ഷ്യത്തിലെത്തും: പ്രധാനമന്ത്രി

രാജ്യത്ത് മതേതര സിവിൽ കോഡ് വേണമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാർ കൊണ്ടുവന്ന പരിഷ്ക്കാരങ്ങൾ രാജ്യത്തിന്‍റെ വളർച്ചയുടെ ബ്ലൂ പ്രിന്‍റാണെന്നും അത് പബ്ലിസിറ്റിക്കായല്ലെന്നും മോദി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തെ വളർച്ച യുവാക്കളിൽ വലിയ പ്രതീക്ഷ നൽകിയിരിക്കുന്നതാണെന്നും മോദി വ്യക്തമാക്കി. അതേസമയം 2047ല്‍ ‘വികസിത ഭാരത’ ലക്ഷ്യത്തിലെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മോദിയുടെ തുടര്‍ച്ചയായ 11ാം സ്വാതന്ത്ര്യദിന പ്രസംഗമാണിത്. ഒളിമ്പിക് താരങ്ങള്‍, യുവാക്കള്‍, ഗോത്രസമൂഹം, കര്‍ഷകര്‍, സ്ത്രീകള്‍, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കള്‍, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍നിന്നുള്ള 6000 പ്രത്യേക അതിഥികള്‍ക്കായിരുന്നു ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നത്.

ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി. രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് രാജ്യത്തെ അഭിസംബോധന ചെയ്യാനായി പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഇന്ത്യയുടെ സുവർണ്ണ കാലഘട്ടമാണിതെന്നും മോദി പറഞ്ഞു. ആഗോള സാഹചര്യവുമായി താരതമ്യപ്പെടുത്തിയാലും ഇതൊരു സുവർണ്ണ കാലഘട്ടമാണ്. ഈ അവസരം പാഴാക്കാൻ അനുവദിക്കരുത്. ഇതുമായി മുന്നോട്ട് പോയാൽ വികസിത് ഭാരത് 2047 എന്ന നമ്മുടെ സ്വപ്‌നം നേടിയെടുക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവധി 12 ആഴ്ചയിൽ നിന്ന് 26 ആഴ്ചയായി ഉയർത്തിയതായും മോദി അറിയിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനകം ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളില്‍ 75,000 സീറ്റുകള്‍ വര്‍ധിപ്പിക്കും. വികസിത ഇന്ത്യ 2047 എന്നത് ‘ആരോഗ്യകരമായ ഇന്ത്യ’ ആയിരിക്കണം, ഇതിനായി പോക്ഷകാഹാരകുറവ് പൂർണ്ണമായും തുടച്ചുമാറ്റാനുള്ള പദ്ധതിയും ആരംഭിച്ചിട്ടുണ്ടെന്നും മോദി അറിയിച്ചു.

അതിനിടെ പുതിയ ലക്ഷ്യങ്ങൾ കൈവരിക്കാൻ കായിക താരങ്ങൾക്കാവട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2036 ൽ ഒളിംപിക്സിന് വേദിയാകാൻ ഭാരതം തയ്യാറെടുക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രസംഗത്തിനിടെ മോദി പ്രതിപക്ഷത്തിന് നേരെ വിമര്ശനം ഉന്നയിച്ചു. ചിലർക്ക് രാജ്യത്തിന്‍റെ വളർച്ച ദഹിക്കുന്നില്ലെന്നും അത്തരക്കാർ നിരാശരായി കഴിയേണ്ടി വരുമെന്നും മോദി പറഞ്ഞു. വികൃത മനസുകളിൽ വളർച്ചയുണ്ടാകില്ല. ഇത്തരം പിന്തിരിപ്പന്മാരിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുകയെന്ന ദൗത്യം കൂടിയാണ് സർക്കാർ നിറവേറ്റുന്നത്. രാജ്യത്തെ ഉപദ്രവിക്കുന്ന ഇക്കൂട്ടരെ ജനം തിരിച്ചറിയണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.