ബെര്‍ത്ത് വീണ് മലയാളി മരിച്ച സംഭവം; അപകട കാരണം ബെര്‍ത്ത് കൃത്യമായി ലോക്ക് ചെയ്യാതിരുന്നതെന്ന് റെയില്‍വേ

ട്രെയിനിലെ ബെര്‍ത്ത് പൊട്ടിവീണ് ചികിത്സയിലായിരുന്ന പൊന്നാനി സ്വദേശി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി റെയില്‍വേ. മാറഞ്ചേരി എളയിടത്ത് മാറാടിക്കല്‍ അലിഖാന്‍ (62) ആണ് മരിച്ചത്. ട്രെയിനിലെ താഴത്തെ ബെര്‍ത്തില്‍ കിടന്നിരുന്ന അലിഖാന് മുകളിലേക്ക് മധ്യഭാഗത്തെ ബെര്‍ത്ത് വീഴുകയായിരുന്നു.

എന്നാല്‍ ബെര്‍ത്ത് വീണ് അലിഖാന്‍ മരിച്ച സംഭവത്തില്‍ ബെര്‍ത്ത് കൃത്യമായി ലോക്ക് ചെയ്യാതിരുന്നതാണ് അപകട കാരണമെന്നാണ് റെയില്‍വേയുടെ വിശദീകരണം. ബര്‍ത്തിന്റെ കേടുപാടിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്ന തരത്തിലായിരുന്നു ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ബര്‍ത്തിന് കേടുപാടുകളൊന്നും ഇല്ലെന്നാണ് ദക്ഷിണ റെയില്‍വേ അറിയിക്കുന്നത്.

ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദാരുണ സംഭവം. തെലങ്കാനയ്ക്കടുത്തുള്ള വാറങ്കലില്‍വച്ചാണ് സംഭവം. ചരിഞ്ഞ് കിടക്കുകയായിരുന്ന അലിഖാന്റെ കഴുത്തില്‍ ബെര്‍ത്ത് പതിച്ചതിനെത്തുടര്‍ന്ന് കഴുത്തിന്റെ ഭാഗത്തെ മൂന്ന് എല്ലുകള്‍ പൊട്ടുകയും ഞരമ്പിന് ക്ഷതം സംഭവിക്കുകയുമായിരുന്നു. ഇതേതുടര്‍ന്ന് കൈകാലുകള്‍ തളര്‍ന്നു പോയി.

Read more

റെയില്‍വേ അധികൃതര്‍ ആദ്യം വാറങ്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി ഹൈദരാബാദിലെ കിങ്‌സ് മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഓപ്പറേഷന്‍ കഴിഞ്ഞെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിംസ് മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.