മുണ്ടുടുത്തെത്തിയ കര്‍ഷകന് പ്രവേശനം നിഷേധിച്ച മാളിന് ഏഴ് ദിവസത്തേക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച് കര്‍ണാടക സര്‍ക്കാര്‍. മാഗഡി റോഡിലെ ജിഡി വേള്‍ഡ് മാളാണ് സര്‍ക്കാര്‍ താത്കാലികമായി അടച്ചുപൂട്ടിയത്. കര്‍ഷകനെ തടഞ്ഞ സംഭവത്തില്‍ സുരക്ഷ ഉദ്യോഗസ്ഥനും മാള്‍ ഉടമയ്ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കര്‍ഷകന് പ്രവേശനം നിഷേധിച്ച സംഭവത്തിന് പിന്നാലെ വിവിധ മേഖലകളിലെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഏഴ് ദിവസത്തേക്ക് മാളിന്റെ പ്രവര്‍ത്തനാനുമതി സര്‍ക്കാര്‍ നിഷേധിച്ചത്. നിയമസഭ സ്പീക്കര്‍ യുടി ഖാദറും സംഭവത്തിനെതിരെ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. മാളില്‍ സിനിമ കാണാനെത്തിയതായിരുന്നു കര്‍ഷകനായ ഫക്കീരപ്പയും മകന്‍ നാഗരാജുവും. എന്നാല്‍ മുണ്ടുടുത്തെത്തിയ ഫക്കീരപ്പയെ മാളില്‍ പ്രവേശിക്കാന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അനുവദിച്ചില്ല. മുണ്ടുടുത്തെത്തുന്നവരെ മാളില്‍ പ്രവേശിപ്പിക്കരുതെന്ന് മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ടെന്ന് ജീവനക്കാരന്‍ പറഞ്ഞു.
Read more
ഇതിന്റെ ദൃശ്യങ്ങള്‍ ഫക്കീരപ്പയുടെ മകന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഇതോടെ സംഭവത്തില്‍ പ്രതിഷേധവുമായി വിവിധ സംഘടനകളും കര്‍ഷകരും രംഗത്തെത്തുകയായിരുന്നു.