നിമിഷ പ്രിയയെ സഹായിക്കാന്‍ ഇടപെടും, നിലപാട് അറിയിച്ച് കേന്ദ്രം

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയെ രക്ഷിക്കാന്‍ ഇടപെടുമെന്ന് വ്യക്തമാക്കി കേന്്ദ്ര സര്‍ക്കാര്‍ യെമന്‍ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലില്‍ അപ്പീല്‍ നല്‍കാന്‍ വേണ്ട സഹായം കേന്ദ്രം ചെയ്യുമെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചു. യെമനിലെത്തി ചര്‍ച്ചകള്‍ നടത്താനുള്ള സഹായം നല്‍കാന്‍ ഇന്ത്യന്‍ സംഘം പോകും.

നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. നിമിഷയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നീക്കത്തിന് കേന്ദ്രം വാക്കാല്‍ പിന്തുണ അറിയിച്ചിരുന്നു. രേഖാമൂലം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചത്.

നിമിഷയുടെ വധശിക്ഷ ഒഴിവാക്കാന്‍ യെമന്‍ പൗരന്റെ ബന്ധുക്കള്‍ക്ക് നല്‍കേണ്ട ബ്ലഡ് മണി കൈമാറാനുള്ള സംവിധാനം ഒരുക്കാനുള്ള നിര്‍ദ്ദേശവും കേന്ദ്രത്തിന് നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ഇന്ത്യന്‍ സംഘം ചര്‍ച്ച നടത്തും.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. 2017 ജൂലൈയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. തുടര്‍ച്ചയായ പീഡനം സഹിക്കാന്‍ കഴിയാതെ യെമന് പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് നിമിഷയ്ക്ക് എതിരായ കേസ്.

യെമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്.