തബ്‌ലീഗി ജമാഅത്തിൽ പങ്കെടുത്ത വിദേശികൾക്കെതിരെ മഹാരാഷ്ട്ര പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ, ചാർജ്ഷീറ്റുകൾ ബോംബെ ഹൈക്കോടതി (ഔറംഗബാദ് ബെഞ്ച്) റദ്ദാക്കി. ജമാഅത്തിൽ പങ്കെടുത്തവർക്കെതിരായ മാധ്യമ പ്രചാരണങ്ങളെ കോടതി ശക്തമായി വിമർശിച്ചു.
“മർകസ് ഡൽഹിയിലെത്തിയ വിദേശികൾക്കെതിരെ അച്ചടി മാധ്യമങ്ങളിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും വലിയ പ്രചാരണം നടന്നിരുന്നു. ഇന്ത്യയിൽ കോവിഡ്-19 വൈറസ് പടരാൻ ഈ വിദേശികളാണ് ഉത്തരവാദികളെന്ന് ചിത്രീകരിക്കാനുള്ള ശ്രമം നടന്നു”, കോടതി പറഞ്ഞു. ഈ വിദേശികൾക്കെതിരെ ഫലത്തിൽ വേട്ടയാടല്‍ ആണ് നടന്നതെന്നും കോടതി നിരീക്ഷിച്ചതായി ലൈവ് ലോ റിപ്പോർട്ട് ചെയ്തു.
രേഖാമൂലമുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷം ജസ്റ്റിസ് ടി.വി നളവാഡെ, ജസ്റ്റിസ് എം.ജി സേവ്ലിക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിദേശികൾ ഉൾപ്പെടെ കോടതിയിൽ ഹാജരാക്കിയ 35 പേർക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കില്ലെന്ന നിഗമനത്തിലെത്തി.
ഡൽഹിയിലെ നിസാമുദ്ദീനിലെ തബ്‌ലീഗി ജമാഅത്ത് സഭയിൽ പങ്കെടുത്തു കൊണ്ട് ടൂറിസ്റ്റ് വിസ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ആരോപിച്ച് ഐപിസി, പകർച്ചവ്യാധി നിയമം, മഹാരാഷ്ട്ര പൊലീസ് നിയമം, ദുരന്ത നിവാരണ നിയമം, വിദേശികളുടെ നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.
തബ്‌ലീഗി ജമാഅത്ത് പ്രവർത്തനം 50 വർഷത്തിലേറെയായി നടക്കുന്നുണ്ടെന്നും ന്യൂഡൽഹിയിലെ നിസാമുദ്ദീൻ മർകസിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ വിദേശികൾക്ക് വിസ അനുവദിക്കുമ്പോൾ കേന്ദ്ര സർക്കാരിന് ഇക്കാര്യം അറിയാമായിരുന്നു എന്നും വേണം അനുമാനിക്കാൻ എന്ന് കോടതി പറഞ്ഞു.
Read more
“ഒരു രാഷ്ട്രീയ ഗവൺമെന്റ് മഹാമാരിയോ വിപത്തോ ഉണ്ടാകുമ്പോൾ ബലിയാടുകളെ സൃഷ്ട്ടിക്കാൻ ശ്രമിക്കുന്നു, സാഹചര്യങ്ങൾ കാണിക്കുന്നത് ഈ വിദേശികളെ ബലിയാടുകളാക്കാനാണ് തിരഞ്ഞെടുത്തത് എന്നാണ്. മേൽപ്പറഞ്ഞ സാഹചര്യങ്ങളും ഇന്ത്യയിലെ ഏറ്റവും പുതിയ വൈറസ് ബാധ കണക്കുകളും കാണിക്കുന്നത് തബ്‌ലീഗി ജമാഅത്തിൽ പങ്കെടുത്തവർക്കെതിരെ അത്തരം നടപടി എടുക്കാൻ പാടില്ലായിരുന്നു എന്നാണ്. വിദേശികൾക്കെതിരായ ഈ നടപടിയെ കുറിച്ച് ബന്ധപ്പെട്ടവർ അനുതപിക്കുകയും അത്തരം നടപടി മൂലമുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിന് ചില നല്ല നടപടികൾ കൈക്കൊള്ളുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.” കോടതി പറഞ്ഞു.