'രാഷ്ട്രപത്‌നി' പരാമര്‍ശം; പാര്‍ലമെന്റ് പ്രക്ഷുബ്ദം, ഇരു സഭകളും പിരിഞ്ഞു

അധീര്‍ രഞ്ജന്‍ ചൗധരിയുടെ ‘രാഷ്ട്രപത്‌നി’ പാരമര്‍ശത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ ഇന്നും പ്രവര്‍ത്തനം സ്തംഭിച്ചു. ലോക്സഭ സമ്മേളനം ആരംഭിച്ചതിനെ തുടര്‍ന്ന് സോണിയാ ഗാന്ധി – സ്മൃതി ഇറാനി വാക്കേറ്റം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ന്നാല്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു.

ഇതേ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ച സഭ രണ്ടാമത് വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും പിരിയുകയായിരുന്നു. തിങ്കളാഴ്ച വരെയാണ് സഭ പിരിഞ്ഞത്. സഭ നിര്‍ത്തിവെച്ചപ്പോള്‍ പാര്‍ലമെന്റിന്് പുറത്ത് ഗാന്ധി പ്രതിമക്ക് മുന്‍പിലും എംപിമാര്‍ പ്രതിഷേധിച്ചു. സോണിയഗാന്ധിയോട് കയര്‍ത്ത് സംസാരിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം.

സോണിയ ഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ മാപ്പുപറയണമെന്ന് ഭരണകക്ഷി എംപിമാരും മുദ്രാവാക്യം ഉയര്‍ത്തി. ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോഴും മോശം പ്രസ്താവനയാണ് കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടായത്. അധീര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസ്താവനയില്‍ സോണിയ ഗാന്ധി മാപ്പ് പറയണമെന്നും പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

അതേസമയം അധീര്‍രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും രംഗത്തെത്തയിരുന്നു. ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ സ്ത്രീയായാലും പുരുഷനായാലും ഒരേ പോലെ ബഹുമാനിക്കപ്പെടേണ്ടവരാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു പ്രതികരണം.