കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള രക്ഷാദൗത്യം തുടരുന്നതില്‍ പ്രതിസന്ധിയെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ഗംഗാവലി പുഴയിലെ അടിയൊഴുക്കാണ് വെല്ലുവിളിയാകുന്നത്. ദൗത്യം അവസാനിപ്പിക്കില്ലെന്നും തിരച്ചില്‍ തുടരുമെന്നും ഡി കെ ശിവകുമാര്‍ വ്യക്തമാക്കി.
അര്‍ജുനെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തിയെന്നും ഡി കെ ശിവകുമാര്‍ അറിയിച്ചു. ഗംഗാവാലി പുഴയിലെ ഒഴുക്ക് കുറയുന്നതിന് അനുസരിച്ച് പുഴയില്‍ ഇറങ്ങി പരിശോധിക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. പുഴയിലെ ഒഴുക്കിന്റെ അളവ് എല്ലാ ദിവസവും പരിശോധിക്കുന്നുമുണ്ട്. അഞ്ച് നോട്ടിക്കല്‍ മൈലിന് മുകളിലാണ് നിലവില്‍ പുഴയിലെ ഒഴുക്കെന്നും ഈ സാഹചര്യത്തില്‍ പുഴയില്‍ ഡൈവ് ചെയ്യാനോ ഡ്രഡ്ജ് ചെയ്യാനോ സാധിക്കില്ലെന്നും അതുകൊണ്ട് തന്നെ പുഴയിലെ ഒഴുക്ക് കുറയുന്നതിനനുസരിച്ചായിരിക്കും പരിശോധനയെന്നും മന്ത്രി അറിയിച്ചു.
ഷിരൂരിലെ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് എന്‍വി അന്‍ജാരിയ, ജസ്റ്റിസ് കെ വി ആനന്ദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതായിരുന്നു ഇടക്കാല ഉത്തരവ്. പ്രതികൂല കാലാവസ്ഥ കാരണം ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിയെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തിരച്ചില്‍ ദൗത്യം വൈകാതെ പുനഃരാരംഭിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
അതേസമയം നേരത്തെ തിരച്ചില്‍ പുനരാരംഭിക്കുന്നതിൽ തീരുമാനം ചൊവ്വാഴ്ച ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ അറിയിച്ചിരുന്നു. ഒഴുക്ക് 5.4 നോട്ട് വേഗത്തിലാണെന്നും ഈ വേഗതയിൽ തിരച്ചിൽ സാധ്യമല്ലെന്നും കളക്ടർ പറഞ്ഞു. ഒഴുക്കിൻ്റെ വേഗം 3.5 നോട്ട് എത്തിയാൽ തെരച്ചിൽ തുടരുമെന്നും കളക്ടർ അറിയിച്ചു. അതേസമയം നേരത്തെ ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറയുന്നതായി കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതിനെ തുടര്‍ന്നാണ് രണ്ട് ദിവസത്തിനകം തിരച്ചില്‍ തുടങ്ങാന്‍ തീരുമാനമായിരുന്നു.