കർണാടക കൊപ്പൽ ജില്ലയിൽ ഷട്ടർ തകർന്ന് അപകടമുണ്ടായ തുംഗഭദ്ര അണക്കെട്ട് മുല്ലപ്പെരിയാർ കഴിഞ്ഞാൽ സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഡാമാണ്. കർണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ ആശ്രയിക്കുന്ന ഡാം നിർമിച്ചത് 1949ലാണ്. 70 വർഷത്തിനിടയിൽ ഇതാദ്യമായാണ് ഇത്തരത്തിൽ ഡാമിന്റെ ഗേറ്റ് തകരുന്നത്.
കർണാടക കൊപ്പൽ ജില്ലയിലാണ് തുംഗഭദ്ര ഡാം സ്ഥിതിചെയ്യുന്നത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു ഡാമിന്റെ ഒരു ഷട്ടർ തകർന്നത്. ഇതേതുടർന്ന് പൊട്ടിയ 19-ാം ഷട്ടറിലൂടെ 35,000 ക്യൂസെക്സ് വെള്ളം പുറത്തേക്കൊഴുകി. ഇതേത്തുടർന്ന് അണക്കെട്ട് തകരുന്നത് ഒഴിവാക്കാൻ 33 ഷട്ടറുകളും തുറന്നിട്ട്. നദീ തീരങ്ങളിൽ ജലനിരപ്പ് ഉയരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ കൊപ്പൽ, വിജയനഗര, ബെല്ലാരി, റായിപ്പൂർ ജില്ലകളിൽ അതീവജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് തുംഗഭദ്ര ജലസേചന വകുപ്പ് അറിയിച്ചു. കൊപ്പൽ എംഎൽഎ രാഘവേന്ദ്രയും ജലസേചന വകുപ്പിലെ വിദഗ്ധ സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ഒരു ലക്ഷം ക്യുസെക്സ് വെള്ളമാണ് നിലവിൽ ഡാമിൽ നിന്നൊഴുക്കുന്നത്. വെള്ളത്തിൻ്റെ അളവ് സുരക്ഷിത പരിധിയിലെത്തിച്ചാൽ മാത്രമേ അറ്റുകുറ്റപ്പണികൾ സാധ്യമാകൂവെന്നാണ് അധികൃതർ പറയുന്നത്. പ്രധാന ഗേറ്റിൻ്റെ ചങ്ങലയ്ക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ അറ്റകുറ്റപ്പണികൾ വെല്ലുവിളി ഉയർത്തുകയാണ്. അണക്കെട്ടിൻ്റെ ഇടതുകര മുകൾനില കനാലിൻ്റെ ഗേറ്റ് തകർന്ന് വൻതോതിൽ വെള്ളം നദീതടത്തിലേക്ക് തുറന്നുവിട്ട സമാനമായ സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. അന്ന് ഗേറ്റ് നന്നാക്കുന്നതിൽ സാങ്കേതിക സംഘത്തിന് കാര്യമായ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. പ്രധാന ക്രസ്റ്റ് ഗേറ്റിൻ്റെ നിലവിലെ ചെയിൻ തകരാർ വീണ്ടും വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ വിവിധ ഉദ്യോഗസ്ഥർക്ക് നിർദേശമുണ്ട്.
പമ്പാ സാഗർ എന്നറിയപ്പെടുന്ന തുംഗഭദ്ര അണക്കെട്ട് , ഇന്ത്യയിലെ കർണാടകയിലെ ഹൊസപേട്ട – കൊപ്പൽ സംഗമസ്ഥാനത്ത് തുംഗഭദ്ര നദിക്ക് കുറുകെ നിർമ്മിച്ച ഒരു ജലസംഭരണിയാണ്. ജലസേചനം, വൈദ്യുതോൽപ്പാദനം, വെള്ളപ്പൊക്ക നിയന്ത്രണം മുതലായവയ്ക്ക് സേവനം നൽകുന്ന ഒരു വിവിധോദ്ദേശ്യ അണക്കെട്ടാണിത്. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ശിലാസ്ഥാപന അണക്കെട്ടും രാജ്യത്തെ രണ്ട് സിമൻ്റ് ഇതര അണക്കെട്ടുകളിലൊന്നുമാണ്. മറ്റൊന്ന് മുല്ലപ്പെരിയാർ അണക്കെട്ടാണ്. 1895ൽ നിർമിച്ച ശർക്കരയും കരിമ്പിൻ നീരും മുട്ടവെള്ളയും ചേർത്ത് തയ്യാറാക്കിയ സുർക്കി ചാന്തിൽ കരിങ്കലിൽ കെട്ടിയുണ്ടാക്കിയതാണ് മുല്ലപ്പെരിയാറിൻറെ അടിത്തറ. ലോകത്തിൽ ഇന്നു നിലവിലുള്ള ഉയരംകൂടിയ ഭൂഗുരുത്വഅണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാർ. തുംഗഭദ്ര അണക്കെട്ടിന്റെ ഷട്ടർ തകർന്നതോടെ മുല്ലപ്പെരിയാർ വിഷയത്തിലും ആശങ്ക വർധിക്കുകയാണ്.