മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ചായ നല്‍കാത്തതില്‍ പ്രകോപിതനായ ഡോക്ടര്‍ ശസ്ത്രക്രിയ പകുതിയില്‍ അവസാനിപ്പിച്ച് ഓപ്പറേഷന് തിയേറ്ററില്‍ നിന്നും ഇറങ്ങിപ്പോയി. നാഗ്പൂരിലെ മൗദ തഹസില്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. തേജ്രംഗ് ഭലവി എന്ന ഡോക്ടറാണ് നവംബര്‍ 3ന് പ്രാദേശിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ശസ്ത്രക്രിയ പകുതിയില്‍ അവസാനിപ്പിച്ച് ഇറങ്ങിപ്പോയത്.
സംഭവ ദിവസം ആശുപത്രിയില്‍ എട്ട് സ്ത്രീകള്‍ക്ക് പ്രസവം നിറുത്തല്‍ ശസ്ത്രക്രിയ തീരുമാനിച്ചിരുന്നു. നാല് സ്ത്രീകളുടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം മറ്റ് നാലുപേര്‍ക്ക് അനസ്തേഷ്യ നല്‍കിയിരുന്നു. തുടര്‍ന്ന് ആശുപത്രി ജീവനക്കാരോട് ഡോക്ടര്‍ ഒരു കപ്പ് ചായ ആവശ്യപ്പെട്ടു. ചായ ആവശ്യപ്പെട്ട് ഏറെ കഴിഞ്ഞിട്ടും മറുപടി ലഭിക്കാതെ വന്നതോടെ തേജ്രംഗ് ഭലവി പ്രകോപിതനായി. തുടര്‍ന്ന് തേജ്രംഗ് ഓപ്പറേഷന് തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
Read more
ഇതോടെ പ്രതിസന്ധിയിലായ ആശുപത്രി അധികൃര്‍ ഉടന്‍തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെട്ടു. ഇതേ തുടര്‍ന്ന് ശസ്ത്രക്രിയ നടത്താന്‍ മറ്റൊരു ഡോക്ടറെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിയോഗിച്ചു. വിഷയത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായി നാഗ്പൂര്‍ ജില്ലാ പരിഷത്ത് സിഇഒ സൗമ്യ ശര്‍മ്മ അറിയിച്ചു.