നൂറ് കടന്ന് തക്കാളിവില; കെച്ചപ്പിനെയും പെട്രോളിനെയും താരതമ്യം ചെയ്ത് സോഷ്യല്‍ മീഡിയ

ഇന്ത്യയൊട്ടാകെ തക്കാളി വില കുതിച്ചുകയറുകയാണ്. കഴിഞ്ഞദിവസത്തെ കണക്കനുസരിച്ച് തക്കാളിയുടെ അഖിലേന്ത്യാവില കിലോക്ക് 35.08 രൂപയായിരുന്നു. എന്നാല്‍ വളരെ പെട്ടെന്നാണ് വില നൂറുകടന്നത്. ഉത്പാദനം കുറഞ്ഞതാണ് തക്കാളിയുടെ വില ഉയരാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. കൂടാതെ, ഇന്ധനവില ഉയരുന്നതും വില വര്‍ധനയ്ക്ക് മറ്റൊരു കാരണമാണ്.

കിലോക്ക് 100 രൂപ നിരക്കിലാണ് പത്തനംതിട്ടയില്‍ തക്കാളി വിറ്റത്. കര്‍ണാടകയില്‍ തക്കാളിക്ക് കിലോക്ക് 80 രൂപയായിരുന്നു വില. മുംബൈയില്‍ 65 രൂപയും കൊല്‍ക്കത്തയില്‍ 83 രൂപയും ചെന്നൈയില്‍ 77 രൂപയുമാണ് തക്കാളിയുടെ വിലയുള്ളത്.

അതേസമയം, ഡല്‍ഹിയില്‍ തക്കാളിയുടെ വില താരതമ്യേന കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡല്‍ഹിയില്‍ വിലയില്‍ 10 ശതമാനം മാത്രമാണ് വര്‍ധനയുണ്ടായതെന്ന് ഇന്‍ഫോര്‍മിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

എന്തായാലും തക്കാളി ട്രോളുകള്‍ കൊണ്ട് നിറയുകയാണ് സോഷ്യല്‍മീഡിയ. ടൊമാറ്റോ എന്ന ഹാഷ് ടാഗിലാണ് ട്രോളുകള്‍ പങ്കുവയ്ക്കുന്നത്. ടൊമാറ്റോ കെച്ചപ്പിനെയും പെട്രോളിനെയും തമ്മില്‍ വരെ ആളുകള്‍ താരതമ്യപ്പെടുത്തിക്കഴിഞ്ഞു.