"ജനാധിപത്യം കൂടിപ്പോയി, പരിഷ്കാരങ്ങൾ നടപ്പാക്കാൻ ബുദ്ധിമുട്ട്": നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്

ഇന്ത്യയിൽ ജനാധിപത്യം കൂടിപ്പോയതിനാൽ കടുത്ത പരിഷ്കാരങ്ങൾ നടപ്പാക്കുക പ്രയാസമാണെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്. വാർത്താ ഏജൻസി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം താൻ പറഞ്ഞതിനെ തെറ്റായി ഉദ്ധരിച്ചതായി പിന്നീട് അമിതാഭ് കാന്ത് അവകാശപ്പെട്ടു.

ഖനനം, കൽക്കരി, തൊഴിൽ, കൃഷി തുടങ്ങിയ മേഖലകളിലുടനീളം കേന്ദ്രം ആദ്യമായിട്ട് കടുത്ത പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും അടുത്ത പരിഷ്കരണങ്ങൾ സംസ്ഥാനങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നും സ്വരാജ്യ മാസിക സംഘടിപ്പിച്ച വെർച്വൽ പരിപാടിയിൽ കാന്ത് പറഞ്ഞതായാണ് പി.ടി.ഐ റിപ്പോർട്ട്.

“ഇന്ത്യൻ പശ്ചാത്തലത്തിൽ കടുത്ത പരിഷ്കാരങ്ങൾ വളരെ ബുദ്ധിമുട്ടാണ്, നമുക്ക് ജനാധിപത്യം കൂടുതലാണ് … ഈ പരിഷ്കാരങ്ങൾ (ഖനനം, കൽക്കരി, തൊഴിൽ, കൃഷി) നടപ്പാക്കാൻ നിങ്ങൾക്ക് രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണ്, ഇനിയും നിരവധി പരിഷ്കാരങ്ങൾ ചെയ്യേണ്ടതുണ്ട്. കടുത്ത പരിഷ്കാരങ്ങളില്ലാതെ ചൈനയ്‌ക്കെതിരെ മത്സരിക്കുന്നത് എളുപ്പമല്ല,” അമിതാഭ് കാന്ത് പറഞ്ഞു.

കടുത്ത പരിഷ്കാരങ്ങൾ നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഈ സർക്കാർ പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിഷ്കാരങ്ങളുടെ അടുത്ത തരംഗം സംസ്ഥാനങ്ങളിൽ നിന്നായിരിക്കണമെന്ന് നീതി ആയോഗ് സി.ഇ.ഒ ഊന്നിപ്പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

“10-12 സംസ്ഥാനങ്ങൾ ഉയർന്ന നിരക്കിൽ വളരുമെങ്കിൽ, ഇന്ത്യയും ഉയർന്ന നിരക്കിൽ വളരാതിരിക്കാൻ ഒരു കാരണവും കാണുന്നില്ല. ഡിസ്കോം സ്വകാര്യവത്കരിക്കാൻ ഞങ്ങൾ കേന്ദ്ര ഭരണ പ്രദേശങ്ങളോട് ആവശ്യപ്പെട്ടു. ഡിസ്കോമുകൾ കൂടുതൽ മത്സരാത്മകമാവുകയും കുറഞ്ഞ വൈദ്യുതി നൽകുകയും വേണം,” അദ്ദേഹം പറഞ്ഞു

എന്നാൽ തന്നെ തെറ്റായി ഉദ്ധരിച്ചതായി അമിതാഭ് കാന്ത് പിന്നീട് ട്വീറ്റ് ചെയ്തു. “ഞാൻ സംസാരിച്ചത് എം.ഇ.ഐ.എസ് സ്കീമും വിഭവങ്ങൾ കൂടുതൽ വിനിയോഗിക്കേണ്ടതിനെ കുറിച്ചും ഉത്പാദന മേഖലയിൽ ആഗോള ചാമ്പ്യന്മാരെ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയുമാണ്,” അമിതാഭ് കാന്ത് പറഞ്ഞു.

നേരത്തെ, വെർച്വൽ ഇവന്റിൽ, കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ പ്രതിഷേധത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകിയ അമിതാഭ് കാന്ത്, കാർഷിക മേഖലയ്ക്ക് പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് പറഞ്ഞു. “എം‌എസ്‌പി (മിനിമം സപ്പോർട്ട് പ്രൈസ്) ഉണ്ടായിരിക്കുമെന്നും മൺഡീസ് അവിടെത്തന്നെ ഉണ്ടാകുമെന്നും മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ് …  കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ ഇഷ്ടാനുസരണം വിൽക്കാം എന്നതാണ് ഇതിന്റെ ഗുണം,” അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു.