ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ നിർമാണത്തിലുള്ള തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം മൂന്നാം ദിവസവും തുടരുന്നു. ഇതിനിടെ ഇന്നലെ രാത്രി വീണ്ടും തുരങ്കത്തിൽ മണ്ണിടിച്ചിൽ ഉണ്ടായി. 40 തൊഴിലാളികളാണ് തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത്.
തുരങ്കത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ ഉരുക്കുകുഴലുകൾ തള്ളിക്കയറ്റി തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ, പ്ലാറ്റ്ഫോമിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ രക്ഷാപ്രവർത്തകർ നിർബന്ധിതരായി.
തുരങ്കത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ ഉരുക്കുകുഴലുകൾ തള്ളിക്കയറ്റി രക്ഷാപാത ഒരുക്കാനാണ് ശ്രമിക്കുന്നത്. 900 മില്ലിമീറ്റർ വ്യാസമുള്ള കുഴലുകൾ ഒന്നൊന്നായി ഹൈഡ്രോളിക് ഡ്രില്ലിങ് മെഷിൻ ഉപയോഗിച്ചാണ് കയറ്റുന്നത്.
തൊഴിലാളികൾക്ക് ട്യൂബുകൾ വഴി ഓക്സിജനും ഭക്ഷണവും വെള്ളവും മരുന്നുകളും നൽകുന്നുണ്ട്. ബുധനാഴ്ച ഇവരെ രക്ഷപ്പെടുത്താനാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതിനിടെ തൊഴിലാളികളിൽ ഒരാളായ ഗബ്ബർ സിങ് നേഗി മകനുമായി സംസാരിച്ചു.
തുരങ്കത്തിനു സമീപം ആറു കിടക്കകളുള്ള താത്കാലിക ആശുപത്രിയും പത്ത് ആംബുലൻസുകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉത്തരകാശി ചീഫ് മെഡിക്കൽ ഓഫീസർ ആർസിഎസ് പൻവാർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുമായി ഫോണിൽ ബന്ധപ്പെട്ടു.
Read more
ബ്രഹ്മഖൽ-യമുനോത്രി ദേശീയപാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിലുള്ള തുരങ്കത്തിൽ ഞായറാഴ്ച രാവിലെ ഏഴോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ചാർധാം റോഡുപദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിർമിക്കുന്നത്. യാഥാർഥ്യമായാൽ ഉത്തരകാശിയിൽ നിന്ന് യമുനോത്രിയിലേക്കുള്ള യാത്രയിൽ 26 കിലോമീറ്റർ ദൂരം കുറയും.