IND VS AUS: പെർത്തിൽ തുടക്കം തന്നെ പണി പാളി, ഇന്ത്യക്ക് മോശം തുടക്കം; നിരാശപ്പെടുത്തി ടോപ് ഓർഡർ

ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ ആദ്യ മത്സരം പെർത്തിൽ നടക്കുമ്പോൾ ഇന്ത്യക്ക് മോശം തുടക്കം. ടോസ് നേടി ആതവിശ്വാസത്തോടെ ബാറ്റിംഗ് തിരഞ്ഞെടുത്ത ജസ്പ്രീത് ബുംറയുടെ തീരുമാനം പാളി പോയെന്ന് തോന്നിക്കുന്ന രീതിയിൽ തന്നെയാണ് ഇന്ത്യ ബാറ്റ് വീശുന്നത്. ഒടുവിൽ വിവരം കിട്ടുമ്പോൾ 43 / 3 എന്ന നിലയിലാണ് ടീം നിൽക്കുന്നത്.

ബോളർമാർക്ക് എല്ലാ കാലഘട്ടവും വലിയ സഹായം നൽകിയിട്ടുള്ള പെർത്തിലെ മുമ്പുള്ള മത്സരങ്ങളുടെ സാഹചര്യവും പിച്ചും പരിഗണിച്ചതും തന്നെ ആയിരുന്നു ടോസ് നേടി ബുംറ ബാറ്ററിങ് തിരഞ്ഞെടുത്തത്. ഓസ്‌ട്രേലിയയിൽ ആദ്യ പരമ്പര കളിക്കുന്ന ജയ്‌സ്വാളിനൊപ്പം രോഹിത്തിന് പകരമെത്തിയ രാഹുൽ ആയിരുന്നു ഓപ്പണിങ് പങ്കാളി. തുടക്കം മുതൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് എന്നിവരുടെ തകർപ്പൻ ബോളിങ്ങിന് മുന്നിൽ ഇന്ത്യൻ ബാറ്റർമാർ ബുദ്ധിമുട്ടിയപ്പോൾ ഓസ്ട്രേലിയ സാഹചര്യം നന്നായി മുതലെടുത്തു.

നന്നായി ബുദ്ധിമുട്ടിയ ജയ്‌സ്വാൾ സ്റ്റാർക്കിന്റെ പന്തിൽ എഡ്ജ് ആയി മക്‌സ്വീനിക്ക് ക്യാച്ച് നൽകി മടങ്ങിയപ്പോൾ ആദ്യ പര്യടനത്തിൽ പൂജ്യനായി മടങ്ങാനായിരുന്നു താരത്തിന്റെ വിധി. ശേഷമെത്തിയ ദേവദത്ത് പടിക്കൽ രാഹുലിനൊപ്പം കൂട്ടുകെട്ട് ഉയർത്താൻ ശ്രമിച്ചെങ്കിലും റൺ നേടാൻ പാടുപെട്ടു. ഇതിനിടയിൽ രാഹുൽ ആത്മവിശ്വാസത്തോടെ ചില ഷോട്ടുകൾ കളിച്ചു. അതിനിടയിൽ പ്രതീക്ഷിച്ചത് പോലെ തന്നെ സാഹചര്യം നന്നായി മുതലെടുത്ത് ഹേസൽവുഡ് എറിഞ്ഞ മനോഹര പന്ത് പടിക്കലിന്റെ പ്രതിരോധം തകർത്തു. എഡ്ജ് നേരെ കീപ്പറുടെ കൈയിലേക്ക്. പൂജ്യനായി തന്നെ താരവും മടങ്ങി.

തൊട്ടുപിന്നാലെ എത്തിയ സൂപ്പർതാരം കോഹ്‌ലിക്കും അധികം പിടിച്ചുനിൽക്കാൻ ആയില്ല. ഒരു സ്ട്രൈറ് ഡ്രൈവ് ഒകെ അടിച്ച് ആത്മവിശവസം കാണിച്ചെങ്കിലും മുതലാക്കാൻ ആയില്ല. ഹേസൽവുഡ് എറിഞ്ഞ പന്തിൽ ബെറ്റുവെച്ച താരത്തിന്റെ ടോപ് എഡ്ജ് നേരെ ഖവാജയുടെ കൈയിലേക്ക്. 6 റൺ എടുത്ത് താരവും മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലാണ്.

നിലവിൽ 26 റൺസുമായി രാഹുലും 6 റൺസുമായി പന്തുമാണ് ക്രീസിൽ.