തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ദൗത്യം അവസാന ഘട്ടത്തിൽ; രക്ഷാപ്രവർത്തനം വൈകിച്ച് വിഐപി സന്ദർശനവും

ഉത്തരാഖണ്ഡിൽ ടണലിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാൻ തീവ്രശ്രമം തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന്റെ അവസാന ഘട്ടത്തിലും പ്രതിസന്ധികൾ നേരിട്ടത് കനത്ത് തിരിച്ചടിയാണ് നൽകിയത്. തുരക്കുന്നതിനിടെ കുടുങ്ങിയ ഓഗര്‍ മെഷീന്‍റെ ഭാഗങ്ങള്‍ ഉച്ചയോടെ പൂര്‍ണമായും നീക്കിയതോടെ വീണ്ടും നേരിട്ടുള്ള തുരക്കലിനുള്ള വഴിയൊരുങ്ങി. പത്തു മീറ്റര്‍ കൂടിയാണ് ഇനി തുരക്കാനുള്ളത്.അതിനുശേഷം നേരിട്ട് തൊഴിലാലികലുടെ അടുത്തേക്ക് എത്താനാകും എന്നാണ് പ്രതീക്ഷ.

അതേ സമയം ദുരന്തസ്ഥലത്ത് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അടക്കമുള്ള ഉന്നതതലസംഘം എത്തി രക്ഷാദൗത്യം വിലയിരുത്തി. പക്ഷെ വിഐപി സന്ദർശനം കൊണ്ട് ദൗത്യസംഘത്തിന് കൂടുതൽ തടസങ്ങളാണ് ഉണ്ടായത്. തുരക്കാൻ എത്തിയ സംഘത്തെ അരമണിക്കൂറോളം ആണ് തുരങ്കത്തിലേക്ക് വിടാതെ തടഞ്ഞുവച്ചത്. ഇതിനെതിരെ വ്യാപക വിമര്‍ശനമ ഉയർന്നിട്ടുണ്ട്.

പലദിവസങ്ങളിലായുള്ള ഇത്തരം വിവിഐപി, വിഐപി സന്ദര്‍ശനം രക്ഷാദൗത്യം വൈകിപ്പിക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്. ഇതിനിടെ, രക്ഷാദൗത്യത്തിന് ഏകോപനമില്ലെന്ന ആരോപണവും ശക്തമാണ്. രക്ഷാദൗത്യം ആരംഭിച്ച് 16 ദിവസമായിട്ടും തൊഴിലാളികളെ രക്ഷിക്കാനാകാത്തത് കൃത്യമായ ഏകോപനമില്ലാത്തതുകൊണ്ടാണെന്നാണ് വിമര്‍ശനം.

41 തൊഴിലാളികളാണ് കഴിഞ്ഞ16 ദിവസമായി സിൽക്ക്യാര ടണലിൽ കുടുങ്ങിക്കിടക്കുന്നത്.സില്‍ക്യാര രക്ഷാദൗത്യം പതിനാറാം ദിവസത്തിലേക്കും കടന്നു. അവസാന ഘട്ടത്തിൽ ശേഷിക്കുന്നത് 10 മീറ്റർ താഴെ ആയതിനാൽ ഇന്ന് എത്ര വേഗത്തിൽ തുരക്കൽ പൂർത്തിയാകുമെന്നതിന് അനുസരിച്ച് ആവും തൊഴിലാളികളുടെ രക്ഷപ്പെടൽ.