തമിഴ്‌നാട്ടില്‍ പൊലീസ് ഏറ്റുമുട്ടലില്‍ രണ്ട് കുറ്റവാളികള്‍ കൊല്ലപ്പെട്ടു; വെടിയുതിര്‍ത്തത് സ്വയ രക്ഷയ്‌ക്കെന്ന് പൊലീസ്

തമിഴ്‌നാട്ടില്‍ പൊലീസ് ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. കുപ്രസിദ്ധ ഗുണ്ട ബോംബ് ശരവണന്റെ അനുയായികളായ മുത്തു ശരവണന്‍, സണ്‍ഡേ സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലക്കേസില്‍ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം നടത്തിയ ക്രിമിനലുകള്‍ക്ക് നേരെ ആവഡി പൊലീസാണ് വെടിയുതിര്‍ത്തത്. ഇന്ന് പുലര്‍ച്ചെ 3ന് ആയിരുന്നു സംഭവം.

കൊല്ലപ്പെട്ട മുത്തു ശരവണനും സതീഷും കൊലപാതകം, പിടിച്ചുപറി ുടങ്ങി നിരവധി കേസുകളില്‍ പ്രതികളാണ്. ഏഴ് കൊലക്കേസുകളില്‍ പ്രതിയാണ് മുത്തു ശരവണന്‍. പരിയനല്ലൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേര്‍ അറസ്റ്റിലായെങ്കിലും മുഖ്യപ്രതി മുത്തു ശരവണന്‍ ഒളിവിലായിരുന്നു. മുത്തു ശരവണന്‍ ഒളിവില്‍ തുടരുന്ന സ്ഥലത്തെ കുറിച്ച് വിവരം ലഭിച്ച ആവഡി പൊലീസ് സ്ഥലത്തെത്തി.

Read more

പൊലീസ് വളഞ്ഞതോടെ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ മുത്തു ശരവണന്‍ മാരകായുധങ്ങളുമായി ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് സ്വയരക്ഷയ്ക്കായി പൊലീസ് വെടിവച്ചു. ശരവണന്റെ കൂട്ടാളി സതീഷിന് നേരെയും പൊലീസ് വെടിയുതിര്‍ത്തു. ശരവണന്‍ സംഭവസ്ഥലത്തുവെച്ചും വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സതീഷ് ആശുപത്രിയിലും മരിച്ചു. പ്രതികളുടെ ആക്രമണത്തില്‍ പൊലീസിനും പരിക്കേറ്റിട്ടുണ്ട്.