'യുപിഎസിലെ 'യു' മോദി സർക്കാരിന്റെ യു ടേൺ'; കേന്ദ്രസര്‍ക്കാരിന്റെ ഏകീകൃത പെന്‍ഷന്‍ സ്കീമിനെ പരിഹസിച്ച് കോൺഗ്രസ്

കേന്ദ്രസര്‍ക്കാരിന്റെ ഏകീകൃത പെന്‍ഷന്‍ സ്‌കീം അഥവാ യൂണിഫൈഡ് പെൻഷൻ സ്‌കീം (യുപിഎസ്)നെ പരിഹസിച്ച് കോൺഗ്രസ്. യുപിഎസിലെ യു എന്നത് മോദി സർക്കാരിന്റെ യു ടേൺ ആണെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരിഹാസം. ജൂൺ 4ന് ശേഷം പ്രധാനമന്ത്രിയുടെ അധികാര ധാർഷ്ട്യത്തിന് മേൽ ജനങ്ങളുടെ ശക്തി വിജയിച്ചു. വഖഫ് ബിൽ ജെപിസിക്ക് അയച്ച നടപടി, ബ്രോഡ്കാസ്റ്റ് ബിൽ, കേന്ദ്രത്തിലെ ഉന്നത തസ്തികകളിലേക്കുള്ള നിയമനം ലാറ്ററൽ എൻട്രിയിൽ നിന്നുള്ള പിന്മാറ്റം ഇതെല്ലാം യു ടേണുകളെ സൂചിപ്പിക്കുന്നുവെന്ന് ഖർഗെ പറഞ്ഞു.

പുതിയ പെൻഷൻ പദ്ധതി കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഖാർഗെയുടെ പ്രതികരണം.

“യുപിഎസിലെ ‘യു’ എന്നത് മോദി സർക്കാരിൻ്റെ യു ടേണുകളെ സൂചിപ്പിക്കുന്നു! ജൂൺ 4-ന് ശേഷം, പ്രധാനമന്ത്രിയുടെ അധികാര ധാർഷ്ട്യത്തിന് മേൽ ജനങ്ങളുടെ ശക്തി വിജയിച്ചു. ദീർഘകാല മൂലധന നേട്ടം/ഇൻഡക്സേഷൻ സംബന്ധിച്ച ബജറ്റിൽ നിന്ന് പിന്നോട്ട് പോകുന്നു. വഖഫ് ബിൽ ജെപിസിക്ക് അയയ്ക്കുന്നു. ബ്രോഡ്കാസ്റ്റ് ബില്ലിൽ നിന്ന് പിന്നോട്ട് പോകുന്നു. ലാറ്ററൽ എൻട്രിയിൽ പിന്നോട്ട് പോകുന്നു, ഞങ്ങൾ ഉത്തരവാദിത്തം ഉറപ്പാക്കുകയും 140 കോടി ഇന്ത്യക്കാരെ ഈ സ്വേച്ഛാധിപത്യ സർക്കാരിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും!” – ഖാർഗെ സോഷ്യൽ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു.”

ഹരിയാനയിലെയും ജമ്മു കശ്മീരിലെയും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സർക്കാർ ജീവനക്കാരുടെ ദീർഘകാല ആവശ്യമായ ഏകീകൃത പെൻഷൻ പദ്ധതിക്ക് (യുപിഎസ്) മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതെന്നും പല കോണുകളിൽ നിന്നും വിമർശനം ഉണ്ട്. ഏകീകൃത പെൻഷൻ പദ്ധതി അഥവാ യൂണിഫൈഡ് പെൻഷൻ സ്‌കീമിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസമാണ് അംഗീകാരം നൽകിയത്.

2025 ഏപ്രിൽ ഒന്നുമുതൽ പദ്ധതി പ്രാബല്യത്തിൽ വരും. 23 ലക്ഷത്തോളം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷനുകൾ, കുടുംബ പെൻഷനുകൾ, മിനിമം പെൻഷനുകൾ എന്നിവ നടപ്പിലാക്കാനാണ് ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നത്. ഏകീകൃത പെൻഷൻ പദ്ധതി എന്ന പേരില്‍ സർക്കാർ അവതരിപ്പിച്ചിരിക്കുന്ന പെന്‍ഷന്‍ സ്‌കീം ജീവനക്കാര്‍ക്ക് മിനിമം പെന്‍ഷന്‍ ഉറപ്പാക്കുന്നതാണ്. ഏകീകൃത പെന്‍ഷന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ വിഹിതം 18.5 ശതമാനമായി ഉയര്‍ത്താനും കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യാബിനറ്റ് യോഗത്തില്‍ തീരുമാനമായിരുന്നു. നിലവില്‍ 14.5 ശതമാനമാണ് കേന്ദ്ര വിഹിതം. അതേസമയം സര്‍ക്കാര്‍ ജീവനക്കാര്‍ 10 ശതമാനം വിഹിതം നല്‍കണമെന്ന വ്യവസ്ഥ തുടരും.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇപ്പോഴുള്ള ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍(എന്‍പിഎസ്) തുടരാനോ, പുതിയ പദ്ധതിയായ യുപിഎസിലേക്ക് മാറാനോ ഉള്ള അവസരവുമുണ്ട്. 2004ന് ശേഷം എന്‍പിഎസിനു കീഴില്‍ വിരമിച്ചവര്‍ക്കും പുതിയ പദ്ധതിയുടെ ആനുകൂല്യം കിട്ടും. 2025 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പില്‍ വരും. 23 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്.

Read more