പന്തീരാങ്കാവ് യുഎപിഎ കേസിലെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ താഹ ഫസൽ സമർപ്പിച്ച ഹർജിയിൽ എൻഐഎയ്ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കാൻ ജസ്റ്റിസ് നവീൻ സിൻഹ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഒന്നാം പ്രതി അലൻ ഷുഹൈബിന് ജാമ്യം നൽകിയല്ലോയെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, വിചാരണക്കോടതി വിശദമായ ഉത്തരവ് ഇറക്കിയതും ചൂണ്ടിക്കാട്ടി. പ്രഥമദൃഷ്ട്യാ തന്നെ ശ്രദ്ധിക്കപ്പെടുന്ന നടപടിയാണ് വിചാരണക്കോടതിയിൽ നിന്നുണ്ടായതെന്നും കോടതി കൂട്ടിച്ചേർത്തു.
അലൻ ഷുഹൈബിന് ജാമ്യം നൽകിയ നടപടി തെറ്റായിരുന്നുവെന്നും, മേൽക്കോടതിയിൽ ചോദ്യം ചെയ്യാൻ എൻഐഎയ്ക്ക് നിയമോപദേശം നൽകിയിരുന്നതായും അഡിഷണൽ സോളിസിറ്റർ ജനറൽ എസ്. വി രാജു കോടതിയെ അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബറിലാണ് അലൻ ഷുഹൈബിനും, താഹ ഫസലിനും വിചാരണക്കോടതി ജാമ്യം നൽകിയത്. എന്നാൽ, ഇക്കഴിഞ്ഞ ജനുവരിയിൽ ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കുകയായിരുന്നു. പ്രായവും മാനസികസ്ഥിതിയും കണക്കിൽ എടുത്താണ് അലന്റെ ജാമ്യം തുടരാൻ അനുമതി നൽകിയത്. ഇരുവരുടേയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐ.എ സമര്‍പ്പിച്ച അപ്പീലിലായിരുന്നു നടപടി.
Read more
2019 നവംബര്‍ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇരുവരെയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.