ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം; ജനുവരി 3ന് മടങ്ങിയെത്തണം; ജാമ്യം സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍

ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് ഉമര്‍ ഖാലിദ് അറസ്റ്റിലായത്. ഇടക്കാല ജാമ്യമായി ഏഴ് ദിവസത്തെ ജാമ്യമാണ് ഉമര്‍ ഖാലിദിന് കോടതി അനുവദിച്ചിട്ടുള്ളത്. സഹോദരിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് ജാമ്യം.

ഡിസംബര്‍ 28 മുതല്‍ ജനുവരി മൂന്ന് വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ല, കേസുമായി ബന്ധപ്പെട്ട സാക്ഷികളെയോ വ്യക്തികളെയോ ബന്ധപ്പെടാന്‍ പാടില്ല. സ്വന്തം വീട്ടിലും വിവാഹ വേദിയിലും മാത്രമേ പോകാന്‍ പാടുള്ളൂ.

കുടുംബാംഗങ്ങളെയും ബന്ധുക്കളെയും മാത്രമേ ഇടക്കാല ജാമ്യ കാലയളവില്‍ കാണാന്‍ പാടുള്ളൂ. തുടങ്ങിയവയാണ് ഇടക്കാല ജാമ്യത്തിന്റെ ഉപാധികള്‍. 2020 സെപ്റ്റംബറില്‍ ആയിരുന്നു കേസില്‍ ഉമര്‍ ഖാലിദ് അറസ്റ്റിലാകുന്നത്. 2020 ഫെബ്രുവരി മാസത്തില്‍ 53 പേര്‍ മരിക്കാനിടയാക്കിയ
കലാപത്തിന്റെ ആസൂത്രകന്‍ ഉമര്‍ ഖാലിദെന്നായിരുന്നു ഡല്‍ഹി പൊലീസിന്റെ കണ്ടെത്തല്‍.