മോദി- അമിത് ഷാ ദ്വയത്തിനെതിരെ ഒറ്റക്ക് നിന്ന് പോരാടിയാണ് ബംഗാളില്‍ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ചരിത്ര മുന്നേറ്റമാണ് സ്വന്തമാക്കിയത്. നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടെങ്കിലും, സർവ്വസന്നാഹങ്ങളുമായി എത്തിയ ബിജെപിയെ ബംഗാളില്‍ നിലംപരിശാക്കിയത് ദേശീയതലത്തില്‍ തന്നെ മമതാ ബാനര്‍ജിയുടെ ഗ്രാഫ് ഉയര്‍ത്തുന്നതാണ്. എന്നാൽ വോട്ടെണ്ണലിൽ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് ഫലപ്രഖ്യാപനത്തിന് ശേഷം മമത ബാനർജി ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് മമത.
വോട്ടെണ്ണൽ തുടങ്ങിയതു മുതൽ മാറിമറിയുകയായിരുന്നു നന്ദിഗ്രാമിലെ ഫലം. ഓരോ റൗണ്ട് കഴിയുമ്പോഴും ലീഡ് നില മാറിക്കൊണ്ടിരുന്നു. ഒടുവിൽ സുവേന്ദു 1,736 വോട്ടിന് വിജയിച്ചുവെന്ന പ്രഖ്യാപനം വന്ന ഉടനെ ഇത്തരം അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും വോട്ടെണ്ണൽ അവസാനിച്ചിട്ടില്ലെന്നും പറഞ്ഞ് തൃണമൂൽ നേതൃത്വം രംഗത്തു വന്നു.
നന്ദിഗ്രാമിലെ ജനങ്ങൾ എന്തു തന്നെ വേണമെങ്കിലും വിധിയെഴുതട്ടെ. ഞാൻ അത് സ്വീകരിക്കും എന്നാണ് പിന്നീട് മമത പ്രതികരിച്ചത്. എന്നാൽ, വോട്ടെണ്ണലിൽ പല കൃത്രിമങ്ങളും നടന്നിട്ടുണ്ട്. അതിനെതിരേ തീർച്ചയായും കോടതിയെ സമീപിക്കും- മമത വ്യക്തമാക്കി.
Read more
നന്ദിഗ്രാമിൽ വീണ്ടും വോട്ടെണ്ണൽ നടത്തണമെന്ന് ടിഎംസി ആവശ്യപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യം നിരസിക്കുകയായിരുന്നു. ബംഗാളിൽ വൻ വിജയം നേടിയെങ്കിലും നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് 1956 വോട്ടിനാണ് മമത ബാനർജി തോറ്റത്.