വഖഫ് ബോര്‍ഡ് രാജ്യത്ത് നടപ്പാക്കുന്നത് ലാന്‍ഡ് ജിഹാദ്; മുനമ്പത്തെ ഭൂസമരം കേന്ദ്രശ്രദ്ധയില്‍ കൊണ്ടുവരും; പ്രശ്ന പരിഹാരത്തിന് ഇടപെടുമെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലജെ

വഖഫ് ബോര്‍ഡ് രാജ്യത്ത് നടപ്പാക്കുന്നത് ലാന്‍ഡ് ജിഹാദാണെന്നാണ് കേന്ദ്രമന്ത്രി ശോഭ കരന്തലജെ. വഖഫ് ഭൂമി പ്രശ്‌നത്തിനെതിരെ സമരം ചെയ്യുന്ന മുനമ്പത്തെ സമരകേന്ദ്രത്തിലെത്തി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു അവര്‍.മുനമ്പം സ്ഥിതിഗതികള്‍ കേന്ദ്രശ്രദ്ധയില്‍ കൊണ്ടുവരുമെന്നും പ്രശ്ന പരിഹാരത്തിന് കേന്ദ്രം ഇടപെടുമെന്നും ശോഭ കരന്തലജെ പറഞ്ഞു. സംവിധായകന്‍ മേജര്‍ രവിയും സമരപ്പന്തലിലെത്തി.

അതേസമയം, മുനമ്പം പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും സര്‍വകക്ഷിയോഗം വിളിക്കണമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ ആവശ്യപ്പെട്ടു. മുനമ്പം സമരത്തിന് പിന്തുണയുമായി കത്തോലിക്ക രൂപതകളും ക്രൈസ്തവ സഭാ വിഭാഗങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംയുക്തമായി സംഘടപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോടതി വ്യവഹാരങ്ങളിലൂടെ തീരദേശജനതയെ ആജീവനാന്തം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ കഴിയില്ല. ശാശ്വത പ്രശ്നപരിഹാരത്തിനായി സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണം. ഇപ്പോള്‍ ഉണ്ടാകുന്നത് മതസൗഹാര്‍ദ്ദം തകര്‍ക്കുംവിധമുള്ള ഇടപെടലുകളാണ്. സമരസമിതി നേതാക്കളുടെയും പ്രതിനിധികളുടെയും ആവശ്യം മുഖ്യമന്ത്രി പരിഗണിക്കാമെന്നു പറഞ്ഞത് സ്വാഗതാര്‍ഹമാണെന്നും ആര്‍ച്ചുബിഷപ് ഡോ. നെറ്റോ പറഞ്ഞു.