'ബേഠി ബച്ചാവോ, ബേഠി പഠാവോ' തെറ്റിച്ചെഴുതി കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി; പരിഹസിച്ച് കോൺഗ്രസ്, വീഡിയോ വൈറൽ

പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യം വച്ച് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ പേര് തെറ്റിച്ചെഴുതി കേന്ദ്ര വനിതാ-ശിശു വികസന സഹമന്ത്രി സാവിത്രി ഠാക്കൂർ. ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ എന്ന പേരാണ് മന്ത്രി തെറ്റിച്ചെഴുതിയത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. അതേസമയം മന്ത്രിയെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തി.

‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ എന്നതിന് പകരം ‘ബേഡി പടാവോ ബചാവ്’ എന്നാണ് മന്ത്രി എഴുതിയത്. മധ്യപ്രദേശിലെ ധറിൽ നടന്ന സ്‌കൂൾ ചലോ അഭിയാൻ പരിപാടിക്കിടയിലാണ് സംഭവം നടന്നത്. പദ്ധതിയുടെ പേര് തെറ്റിച്ചെഴുതിയ ഇവരുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്‌. നിരവധി പേരാണ് ഇതിനെ വിമർശിച്ചും പരിഹസിച്ചും രംഗത്തെത്തുന്നത്.

മന്ത്രി സാവിത്രി ഠാക്കൂറിന്റെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്താണ് കോൺഗ്രസ് വിമർശനം ഉന്നയിച്ചത്. ഇത് ആരുടെ ദൗർഭാഗ്യമായി കണക്കാക്കണം? എന്ന അടിക്കുറിപ്പോടെയാണ്‌ കോൺഗ്രസ് നേതാവ് കെ.കെ മിശ്ര തന്റെ എക്സിൽ പോസ്റ്റ് പങ്ക് വച്ചത്. നമ്മെ ഭരിക്കുന്നവർക്ക് മാതൃഭാഷയിൽ പോലും അറിവില്ല എന്നുള്ളത് ജനാധിപത്യത്തിന്റെ ദൗർഭാഗ്യമാണെന്നും ഇങ്ങനെയുള്ള ഇവർക്ക് എങ്ങനെ അവരുടെ കമകൾ നിർവഹിക്കാൻ കഴിയുമെന്നും കെ.കെ മിശ്ര ചോദിച്ചു.

അതേസമയം ധർ പ്രതിപക്ഷ നേതാവ് ഉമങ് സിംഘറും സാവിത്രിയെ വിമർശിച്ച് രംഗത്ത് വന്നു. റബ്ബർ സ്‌റ്റാമ്പുമന്ത്രിമാരെയാണോ കേന്ദ്രമന്ത്രിസഭയിൽ പ്രധാനമന്ത്രിക്ക് വേണ്ടതെന്നായിരുന്നു പരിഹാസം. എന്തടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി മന്ത്രിമാരെ തിരഞ്ഞെടുത്തതെന്നും ചോദിച്ചു. അതിനിടെ 12-ാം ക്ലാസ് പാസായ കേന്ദ്ര വനിതാ-ശിശു വികസന ജൂനിയർ മന്ത്രിക്ക് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന് എഴുതാൻ പോലും അറിയില്ലെന്ന് ലളിത് കുമാർ മോദി പരിഹസിച്ചു. രാജ്യത്തിന് ഏറെ നാണംകെട്ട നിമിഷമായിരുന്നു ഇതെന്നും ലളിത് കുമാർ മോദി കുറ്റപ്പെടുത്തി.

രാജ്യത്തെ ലിംഗവിവേചനത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും ആശങ്കകൾ പരിഹരിക്കുന്നതിനായി 2015 ൽ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതി. പെൺകുട്ടികളെ സംരക്ഷിക്കുക, പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്നതാണ് ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്നതിന്റെ അർത്ഥം. ലിംഗ വിവേചനത്തിനെതിരെ പൗരന്മാരെ ബോധവൽക്കരിക്കാനും പെൺകുട്ടികൾക്കുള്ള ക്ഷേമ സേവനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്താനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. 100 കോടി രൂപ പ്രാരംഭ ഫണ്ടിംഗിലാണ് കേന്ദ്ര സർക്കാർ പദ്ധതി ആരംഭിച്ചത്.