വയനാട്ടിലെ ഉരുള്‍പ്പെട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് പത്ത് കോടി രൂപ ധനസഹായവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിനുള്ള ധനഹായം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു.
വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥിന് കത്ത് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധനസഹായം നല്‍കുന്നതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെ അറിയിച്ചിരിക്കുന്നത്.
ദുരിതബാധിതരുടെ പുനരധിവാസം ചര്‍ച്ച ചെയ്യുന്നതിനായി വരുന്ന 29-ന് മുഖ്യമന്ത്രി പിണറായി വിജയന് സര്‍വ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഓണ്‍ലൈനായി നടക്കുന്ന ചര്‍ച്ചയില്‍ റവന്യൂ-ഭവനനിര്‍മാണം, വനം-വന്യജീവി, ജലവിഭവം, വൈദ്യുതി, ഗതാഗതം, രജിസ്ട്രേഷന്-പുരാരേഖ, ധനകാര്യം, പൊതുമരാമത്ത്-വിനോദസഞ്ചാരം, പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കവിഭാഗക്ഷേമ വകുപ്പ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കും.
Read more
അതേസമയം, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് 10 കോടി രൂപ അനുവദിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് രംഗത്തെത്തി. വയനാട്ടുകാരോടുള്ള കരുതലിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നന്ദി അറിയിക്കുന്നു. ഈ ദുരന്തം നേരിടാന്‍ കേരളത്തിനൊപ്പം രാജ്യം മുഴുവന്‍ ഉണ്ടാകുമെന്ന സന്ദേശമാണിതെന്നും കെ.സുരേന്ദ്രന് പറഞ്ഞു.