ഇന്ത്യൻ നായകൻ രോഹിത് ശർമ്മ അമിതഭാരമുള്ളയാളാണെന്ന മുൻ സഹതാരം ഡാരിൽ കള്ളിനൻ്റെ പരാമർശത്തിന് മറുപടിയുമായി ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ഹെർഷൽ ഗിബ്‌സ്. എല്ലാ കളിക്കാർക്കും ഫിറ്റ്നസ് നിർണായകമാണെന്നും ടീമിന് എത്രത്തോളം സംഭാവന നൽകണമെന്നത് വ്യക്തിയുടെ ഇഷ്ടമാണെന്നും ഹെർഷൽ ഗിബ്സ് പറഞ്ഞു.
2024-ൻ്റെ തുടക്കത്തിൽ ഇംഗ്ലണ്ടിനെതിരായ ഹോം സീരീസിന് ശേഷം 37 കാരനായ അദ്ദേഹം ടെസ്റ്റിൽ ഒരു അർദ്ധ സെഞ്ച്വറി മാത്രമാണ് രേഖപ്പെടുത്തിയത്. തൻ്റെ അവസാന 13 ഇന്നിംഗ്‌സുകളിൽ നിന്ന് എട്ട് തവണ ഇരട്ട സംഖ്യയിലെത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ, ഇന്നിംഗ്‌സുകളിൽ നിന്ന് 6.33 ശരാശരിയിൽ 19 റൺസ് മാത്രമാണ് നേടിയത്, മികച്ച സ്‌കോർ 10 മാത്രമാണ്.
നേരത്തെ, ഡാരിൽ കള്ളിനൻ രോഹിത് ശർമ്മയെ “അമിത ഭാരമുള്ളവൻ” എന്നും “ഫ്ലാറ്റ് ട്രാക്ക് ബുള്ളി” എന്നും വിശേഷിപ്പിച്ചിരുന്നു. അദ്ദേഹത്തിൻ്റെ സമീപകാല മോശം ഫോം ഉദ്ധരിച്ചു. രോഹിത് ഒരു നീണ്ട ടെസ്റ്റ് പരമ്പരയ്ക്ക് അനുയോജ്യമായ ഫോമിലല്ലെന്ന് കള്ളിനൻ ചൂണ്ടിക്കാട്ടി.
“രോഹിതിനെ നോക്കൂ, ശേഷം വിരാടിനെ നോക്കൂ. അവരുടെ ശാരീരികാവസ്ഥയിലെ വ്യത്യാസം ശ്രദ്ധിക്കുക. രോഹിത് അമിതഭാരമാണ്, ദീർഘകാല ക്രിക്കറ്റ് കളിക്കാരനല്ല. നാലോ അഞ്ചോ ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ കളിക്കാൻ പറ്റുന്ന ഒരു അവസ്ഥ അവനില്ല ” കള്ളിനൻ ഇൻസൈഡ്സ്പോർട്ടിനോട് പറഞ്ഞു.
ഇൻസൈഡ്‌സ്‌പോർട്ടുമായുള്ള ആശയവിനിമയത്തിനിടെ രോഹിത് ശർമ്മയെക്കുറിച്ച് ഡാരിൽ കള്ളിനൻ്റെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഫിറ്റ്‌നസ് ഓരോ കളിക്കാരൻ്റെയും വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്ന് ഹെർഷൽ ഗിബ്സ് പറഞ്ഞു. ” ഫിറ്റ്നസിന്റെ അളവ് തീരുമാനിക്കേണ്ടത് താരങ്ങൾ തന്നെയാണ്. ഓരോ താരങ്ങളും അവരവരുടെ മേഖല അനുസരിച്ച് വേണം ഫിറ്റ്നസ് ശ്രദ്ധിക്കാൻ. ” ഗിബ്‌സ് പറഞ്ഞു.