മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബാന്ദ്ര വെസ്റ്റ് മണ്ഡലത്തിൽ ലോറൻസ് ബിഷ്‌ണോയിയെ സ്ഥാനാർഥിയാക്കി നാമനിർദേശ പത്രിക നൽകാൻ ഉത്തർ ഭാരതീയ വികാസ് സേന. നോമിനേഷൻ നൽകുന്നതിനായി റിട്ടേണിങ് ഓഫീസറുടെ പക്കൽനിന്നും പാർട്ടി ഫോം വാങ്ങി. പാർട്ടി നേതാവായ സുനിൽ ശുക്ലയാണ് ലോറൻസ് ബിഷ്ണോയിക്കായി നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
ലോറൻസ് ബിഷ്‌ണോയിയുടെ മറ്റൊരു പേരായ ബാൽകരൺ ബരാഡ് എന്ന പേരിലാണ് ഫോം വാങ്ങിയത്. നാമനിർദേശ പത്രികയിൽ ബിഷ്ണോയിയുടെ ഒപ്പ് ഉറപ്പാക്കുമെന്നും അയാളുടെ അറിവോടെയാണ് സ്ഥാനാർഥിത്വമെന്ന് ഉറപ്പിക്കുന്ന സത്യവാങ്‌മൂലം ഹാജരാക്കുമെന്നുമാണ് പാർട്ടി മേധാവിയായ സുനിൽ ശുക്ല നൽകിയിട്ടുള്ള ഉറപ്പ്.
നിലവിൽ അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിലാണ് ബിഷ്‌ണോയി കഴിയുന്നത്. അതിനാൽ തന്നെ ബിഷ്‌ണോയിയുടെ ഒപ്പ് ലഭിക്കുന്ന കാര്യം ഉൾപ്പെടെ സംശയമുയർത്തുന്നുണ്ട്. ബിഷ്ണോയ് ഗ്യാങ് കൊലപ്പെടുത്തിയ ബാബ സിദ്ദിഖി ആദ്യമായി നിയമസഭാംഗമാകുന്നത് ബാന്ദ്ര മണ്ഡലത്തിൽ മത്സരിച്ചായിരുന്നു. അത് തന്നെയാണ് ബിഷ്‌ണോയിക്ക് ബാന്ദ്ര മണ്ഡലം നൽകുന്നതിലെ പ്രത്യേകത.
Read more
എൻസിപി നേതാവായ ബാബ സിദ്ദിഖിയുടെ കൊലപാതകം, സൽമാൻ ഖാൻ്റെ വീടിന് നേരെയുണ്ടായ വെടിവെപ്പ് എന്നീ കേസുകളിലാണ് ബിഷ്ണോയ് ഗ്യനാഗ് ഇപ്പോൾ ചർച്ചയാകുന്നത്. മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നവംബർ 20നാണ് നടക്കുന്നത്. നവംബർ 23നാണ് ഫലം പ്രഖ്യാപിക്കുന്നത്.