കണ്ണുകൾ ചൂഴ്ന്നെടുത്തു, നാവ് മുറിച്ചുമാറ്റി; യുപിയില്‍ 13 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി

ഉത്തര്‍പ്രദേശില്‍ 13 വയസുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തി. ലഖിംപൂർ ഖേരിയിലെ കരിമ്പിൻ തോട്ടത്തിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ക്രമസമാധാനം പൂർണമായി തകർന്നു എന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

വെള്ളിയാഴ്ചയാണ് 13 വയസ്സുകാരിയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിൽ മൃതദേഹം 130 കിലോമീറ്റർ അകലെയുള്ള കരിമ്പിൻ തോട്ടത്തിൽ കണ്ടെത്തി. കണ്ണുകൾ ചൂഴ്ന്നെടുക്കുകയും നാവ് മുറിച്ചു മാറ്റുകയും ചെയ്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. യുപി ഹാപ്പൂരിൽ കഴിഞ്ഞ ആഴ്ച ബലാത്സംഗത്തിനിരയായ 6 വയസ്സുകാരി ആശുപത്രി വിടുന്നതിന് മുൻപെയാണ് അടുത്ത സംഭവം.

Read more

ഉത്തര്‍പ്രദേശില്‍ സ്ത്രീകൾ സുരക്ഷിതരല്ലെന്നും അവർക്കെതിരെ അതിക്രമങ്ങൾ വർധിച്ച് വരികയാണെന്നും വ്യാപകമായ ആരോപണം യു.പി സർക്കാരിനെതിരെ ഉയരുന്നുണ്ട്. പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമം വർധിച്ചിരിക്കുകയാണെന്നും ക്രമസമാധാനം പൂർണമായി തകർന്നു എന്നും പ്രതിപക്ഷവും ആരോപിച്ചു. അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പ്രതികരിച്ചു. ജംഗിൾ രാജ് തുടരുകയാണെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ആവശ്യപ്പെട്ടു.