കേരളത്തെ നടുക്കിയ ഉത്തര മോഡൽ കൊലപാതകം ഒഡിഷയിലും നടന്നതായി റിപ്പോർട്ട്. ഭാര്യയെയും രണ്ടര വയസ്സുള്ള മകളെയും പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതാണ് കേസ്. സംഭവത്തിൽ 25 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഗണേശ് പത്ര എന്നയാളാണ് അറസ്റ്റിലായത്. ഭാര്യ ബസന്തി പത്ര( 23), മകൾ ദേബസ്മിത എന്നിവരാണ് പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ടത്.
പാമ്പ് കടിയേറ്റ് മരിച്ചാൽ സർക്കാർ നഷ്ടപരിഹാരമായി എട്ടു ലക്ഷം രൂപ നൽകും. ഈ പണം കൈപ്പറ്റുക എന്ന ഉദ്ദേശത്തോടെയാണ് ഗണേശ് പത്ര ഈ ക്രൂരകൃത്യം നടത്തിയത്. കുടുംബപ്രശ്നവും കൊലപാതകത്തിന് കാരണമായെന്ന് പൊലീസ് പറയുന്നു.ഒക്ടോബർ ഏഴിനാണ് ഗഞ്ചം ജില്ലയിലെ കബിസൂര്യ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അധേഗാവിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത് എങ്കിലും പിന്നീട് പരാതി ലഭിച്ചതോടെ കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു. ബസന്തിയുടെ പിതാവ് ഖല്ലി പത്രയാണ് തന്റെ മകളെയും പേരക്കുട്ടിയെയും വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് മരുമകനെതിരെ പരാതി നൽകിയതെന്ന് ഗഞ്ചം എസ്പി ജഗ്മോഹൻ മീണ പറഞ്ഞു.
യുവതിയുടെയും മകളുടെയും വലത് കാലിന്റെ കണങ്കാൽ എല്ലിന് തൊട്ടുമുകളിലായാണ് പാമ്പ് കടിയേറ്റിരിക്കുന്നത്. ഇവർ സഹായത്തിനായി നിലവിളിക്കുകപോലും ചെയ്തിട്ടില്ല. അതുപോലെ തന്നെ കടിച്ച പാമ്പ് അതേ മുറിയിൽ തുടരുന്നത് അസാധാരണമാണെന്ന് പാമ്പ് വിദഗ്ധർ പൊലീസിനോട് പറഞ്ഞു.പാമ്പിനെ കണ്ടെത്തി അടിച്ചു കൊന്നുവെന്നായിരുന്നു പത്ര പറഞ്ഞതത്. ഒരു മാസം മുൻപ് നടന്ന കുറ്റകൃത്യമായതിനാൽ തെളിവു ശേഖരണത്തിൽ പൊലീസ് പ്രതിസന്ധി നേരിടുകയാണ്.
Read more
അച്ഛന്റെ രേഖകൾ നൽകി പുതിയ സിം കാർഡ് എടുത്താണ് ഇയാൾ പോളസരയിലെ പാമ്പ് പിടുത്തക്കാരനെ വിളിച്ചത്.വീട്ടിൽ ഒരു ചടങ്ങ് നടത്തണമെന്ന് പറഞ്ഞാണ് പത്ര പാമ്പിനെ വാങ്ങിയത്. പാമ്പിനെ കൊണ്ടുവന്ന് ഭാര്യയും മകളും ഉറങ്ങുന്ന മുറിയിൽ വിട്ടു.സംഭവത്തിൽ പാമ്പ് പിടുത്തക്കാരൻ ഉൾപ്പെടെ മറ്റാർക്കെങ്കിലും കേസിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. പ്രതി കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു. 2020 ൽ, കേരളത്തിൽ കൊല്ലത്ത് സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.