ഉത്തരാഖണ്ഡ് തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുവാനുള്ള ദൗത്യം ഇനിയും നീളും. ഡ്രില്ലിംഗ് മെഷീന്റെ ബ്ലേഡുകൾ രക്ഷാകുഴലിൽ കുടുങ്ങിയതോടെ തുരങ്കത്തിലെ രക്ഷാദൗത്യം കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്. കുരുങ്ങിക്കിടക്കുന്ന ബ്ലേഡുകൾ നീക്കിയാൽ മാത്രമേ പൈപ്പിനകത്തേക്ക് ആളുകൾക്ക് കയറാൻ കഴിയൂ.
ഇന്നലെ രാത്രിയോടെയാണ് ഓഗർ മെഷീന്റെ പ്രവർത്തനം നിർത്തിവച്ചത്.കോൺക്രീറ്റ് കൂനകൾക്കിടയിൽ നിരവധി ഇരുമ്പു കമ്പികളുടെ അവശിഷ്ടങ്ങളും സ്റ്റീൽ പാളികളും തടസം സൃഷ്ടിച്ചതോടെയാണ് മെഷീൻ പ്രവർത്തനം നിർത്തിയത്. പൈപ്പിലൂടെ ആളുകളെ കയറ്റി കമ്പികളും സ്റ്റീൽ പാളികളും മുറിച്ചു നീക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
വ്യാഴാഴ്ച സാങ്കേതിക തകരാർ നേരിട്ടതിനെത്തുടർന്ന് 24 മണിക്കൂറിലധികം മെഷീൻ നേരത്തെ പ്രവർത്തനരഹിതമായിരുന്നു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള സുരക്ഷാ കുഴല്‍ തൊഴിലാളികളുടെ സമീപത്തെത്താൻ ഇനി അവശേഷിക്കുന്നത് മീറ്ററുകൾ മാത്രമാണ്.
നിലവിലെ സാഹചര്യം അനുസരിച്ച് അവശിഷ്ടങ്ങള്‍ നീക്കുന്നതിന് 18- 24 മണിക്കൂറെങ്കിലും എടുക്കും. കഴിഞ്ഞ 14 ദിവസങ്ങളായി 41 തൊഴിലാളികളാണ് തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത്.
Read more
ബ്രഹ്മഖൽ-യമുനോത്രി ദേശീയപാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിലുള്ള തുരങ്കത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. ചാർധാം റോഡുപദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിർമിക്കുന്നത്. യാഥാർഥ്യമായാൽ ഉത്തരകാശിയിൽ നിന്ന് യമുനോത്രിയിലേക്കുള്ള യാത്രയിൽ 26 കിലോമീറ്റർ ദൂരം കുറയും.