വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ്; അഫാനെ ഉടൻ ജയിലിലേക്ക് മാറ്റും, ശേഷം കസ്റ്റഡി അപേക്ഷ

വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനെ ജയിലിലേക്ക് മാറ്റും. ജനറൽ മെഡിസിൻ ഡോക്ടർ അനുമതി നൽകിയാൽ ഉടൻ അഫാനെ ആശുപത്രിയിൽ നിന്നും ജയിലേക്ക് മാറ്റും. എലിവിഷം കഴിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഫാനെ ജയിലേക്ക് മാറ്റിയ ശേഷമായിരിക്കും പൊലീസ് കസ്റ്റഡി അപേക്ഷ നൽകുക.

നിലവിൽ അഫാന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല. അഫാന് മാനസിക പ്രശ്നങ്ങളില്ലെന്നും പൂർണബോധ്യത്തോടെയാണ് ഇയാൾ കൂട്ടക്കൊല ചെയ്തതെന്നുമാണ് മെഡിക്കൽ ബോർഡിൻ്റെ കണ്ടെത്തൽ. അതേസമയം, അഫാന്റെ ബന്ധുക്കൾ, പണം കടം വാങ്ങിയവർ എന്നിവരുടെയെല്ലാം മൊഴി പൊലീസ് രേഖപ്പെടുത്തി വരികയാണ്. ഇവരിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തിൽ 90 ദിവസത്തിനകം കുറ്റപത്രം നൽകാനാണ് പൊലീസ് നീക്കം.

Read more

പിതൃമാതാവ് സൽമാ ബീവിക്ക് പുറമേ, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഫ്‌സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫ്‌സാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങൾ. ഇതിന് പിന്നാലെ അഫാൻ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തിരുന്നു. എലിവിഷം കഴിച്ചു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.