2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടിങ് അവസാനിച്ചു. രാജ്യത്താകെ 60 ശതമാനം പോളിങ് രേഖപ്പെടുത്തി. പശ്ചിമ ബംഗാളിൽ 77 ശതമാനത്തിലേറെയാണ് മൂന്ന് മണ്ഡലങ്ങളിലേക്കുള്ള പോളിങ് രേഖപ്പെടുത്തിയത്. ത്രിപുരയിലെ ഒരു മണ്ഡലത്തിൽ 76 ശതമാനത്തിലേറെ പോളിങ് നടന്നു. ആകെയുള്ള 39 സീറ്റിലും തെരഞ്ഞെടുപ്പ് നടന്ന തമിഴ്‌നാട്ടിൽ 62 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 12 സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിൽ 50% മാത്രമാണ് വോട്ടെടുപ്പ് നടന്നത്. ബിഹാറിൽ നാല് മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ 46 ശതമാനം പേര്‍ രേഖപ്പെടുത്തിയതാണ് ഇന്നത്തെ ഏറ്റവും കുറവ് പങ്കാളിത്തം.
രാവിലെ 7 മുതൽ പോളിംഗ് ആരംഭിച്ച തമിഴ്‌നാട്ടിൽ പ്രമുഖരിൽ പലരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. സിനിമാ താരങ്ങളായ രജനികാന്ത്, അജിത്ത്, കമൽ ഹാസൻ, വിജയ്, വിജയ് സേതുപതി, ഖുഷ്ബു, ശിവകാർത്തികേയൻ, മുൻ കേന്ദ്രമന്ത്രി പി.ചിദംബരം, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ, സംഗീത സംവിധായകൻ ഇളയരാജ തുടങ്ങിയ പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. അതേസമയം സേലത്ത് രണ്ട് വയോധികർ പോളിങ് ബൂത്തിൽ കുഴഞ്ഞു വീണ് മരിച്ചു.
അതേസമയം തിരഞ്ഞെടുപ്പിനിടെ പശ്ചിമബംഗാളിലും മണിപ്പൂരിലും സംഘർഷം ഉണ്ടായി. മണിപ്പൂരില്‍ ആയുധധാരികളായ സംഘം പോളിങ്ബൂത്തില്‍ അതിക്രമിച്ച് കയറി വോട്ടിങ് യന്ത്രങ്ങള്‍ അടിച്ച് തകർത്തു. ബൂത്ത് പിടിക്കാനുള്ള ശ്രമത്തിനിടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. ബംഗാളില്‍ കൂച്ച്ബിഹാറിലും അലിപൂർദ്വാറിലും ബിജെപി ടിഎംസി പ്രവർത്തകർ ഏറ്റുമുട്ടി. കലാപം നടക്കുന്ന മണിപ്പൂരില്‍ അതീവ സുരക്ഷയില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്.ഇംഫാല്‍ ഈസ്റ്റിലെ ഖോങ്മാന്നില്‍ പോളിങ് സ്റ്റേഷനിലേക്ക് ആയുധധാരികളായ സംഘം അതിക്രമിച്ച് കയറി സംഘർഷം ഉണ്ടാക്കുകയായിരുന്നു.
Read more
പശ്ചിമബംഗാളിലെ കൂച്ച് ബിഹാർ, അലിപൂർദ്വാർ മേഖലകളിലാണ് ബിജെപി തൃണമൂല്‍ പ്രവർത്തകർ തമ്മില്‍ സംഘർഷം ഉണ്ടായത്. ആയുധങ്ങളുമായെത്തിയ ബിജെപി പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.തൂഫാൻഗഞ്ചിലെ ടിഎംസി ഓഫീസ് ബിജെപി പ്രവർത്തകർ കത്തിച്ചുവെന്നും തൃണമൂല്‍ ആരോപിച്ചു.അതേസമയം ബംഗാളിലെ ദിൻഹാട്ടയില്‍ ബിജെപി പ്രദേശിക നേതാവിൻറെ വീട്ടിലേക്ക് ബോംബെറ് നടന്നു. ദാബ്ഗ്രാമില്‍ ബിജെപി ബൂത്ത് ഓഫീസ് അടിച്ചുതകർത്തതായും പരാതി ഉണ്ട്. ഛത്തീസ്ഗഡിലെ ബിജാപൂരിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ച ജവാന് പരിക്കേറ്റു.