ജഗ്ഗി വാസുദേവിന്റെ നേതൃത്വത്തിലുള്ള ഇഷ യോഗ കേന്ദ്രത്തിലെ ശിവ പ്രതിമ ഉദ്ഘാടനത്തില്‍ നിന്നും ഉപരാഷ്ട്രപതി പിന്‍വാങ്ങി. നന്ദി മലനിരകളുടെ താഴ്വാരത്ത് മണ്ണിടിച്ച് ഇഷ യോഗ കേന്ദ്രത്തില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കര്‍ണാടക ഹൈക്കോടതി തടഞ്ഞിരുന്നു. ഇവിടെ സ്ഥാപിച്ചിരിക്കുന്ന 112 അടി ഉയരമുള്ള ലോഹനിര്‍മിത പ്രതിമയുടെ ഉദ്ഘാടനത്തിന് തടസമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാലാണ് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ പിന്‍വാങ്ങിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒഴിവാക്കാനാകാത്ത കാരണങ്ങളാലാണ് ഉപരാഷ്ട്രപതി സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് സര്‍ക്കാര്‍ നല്കുന്ന വിശദീകരണം. ഇന്നലെ വൈകിട്ട് കര്‍ണാടകയില്‍ അദേഹം എത്തുമെന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന റിപ്പോര്‍ട്ട്. എന്നാല്‍, പെട്ടന്ന് അദേഹം തീരുമാനം മാറ്റുകയായിരുന്നു. . ചിക്കബെല്ലാപുര ജില്ലയില്‍ ഇഷ ഫൗണ്ടേഷന് നിര്‍മിച്ച 112 അടി ഉയരമുള്ള ആദിയോഗി പ്രതിമയുടെ ഉദ്ഘാനം ഇന്നാണ് തീരുമാനിച്ചിരുന്നത്.
പ്രതിമ നിര്‍മിച്ചത് നിയമങ്ങള്‍ ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ കര്‍ണാടക ഹൈക്കോടതിയില്‍ പൊതുതാത്പര്യഹര്‍ജി നല്‍കിയിരുന്നു. ചിക്കബല്ലപുര ഗ്രാമത്തിലെ എസ്. ക്യതപ്പയും മറ്റ് ഗ്രാമവാസികളു ചേര്‍ന്നാണ് ഹര്‍ജി നല്‍കിയത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം, കര്‍ണാടക സര്‍ക്കാര്‍, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്ററ്, കോയമ്പത്തൂര്‍ ഈശ യോഗ സെന്റര്‍ തുടങ്ങിയ 16 സ്ഥാപനങ്ങള്‍ കേസില്‍ കക്ഷികളാണ്.
നന്ദി ഹില്‍സിന്റെ താഴ്വരയില് സ്വകാര്യ ഫൗണ്ടേഷന് സ്ഥാപിക്കാന്‍ ഹരിതചട്ടങ്ങളുടെ നഗ്നമായ ലംഘനത്തിന് അധികാരികള്‍ അനുവാദം നല്‍കിയെന്നാണ് പൊതുതാല്പര്യ ഹര്‍ജി. നന്ദി ഹില്‍സിന്റെ താഴ്വരയിലെ പരിസ്ഥിതി വ്യവസ്ഥ, ജലാശയങ്ങള്‍, തോടുകള്‍ എന്നിവ നശിപ്പിക്കാനും അധികാരികള്‍ അനുവദിച്ചുവെന്ന് പൊതുതാല്പര്യ ഹരജിയില്‍ പറയുന്നു.
Read more
നന്ദി ഹില്‍സ് മേഖലയിലെ ജീവനുകളെയും കന്നുകാലികളെയും വന്യമൃഗങ്ങളെയും ഇത് നേരിട്ട് ബാധിക്കുന്നുവെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ഈ ഹര്‍ജി ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരളെ, അശോക് എസ്. കിനാഗി എന്നിവരുടെ ഡിവിഷന് ബെഞ്ച് പരിഗണിക്കുകയാണ്. അന്തിമ വിധിയും പറഞ്ഞിട്ടില്ല. ജഗ്ഗി വസുദേവ് കോയമ്പത്തൂരില്‍ സ്ഥാപിച്ചതാണ് ഇഷ ഫൗണ്ടേഷന്. അതിന്റെ ശാഖയായാണ് ബെംഗളൂരുവില്‍ യോഗ സെന്റര്‍ തുടങ്ങാനൊരുങ്ങിയത്.