കര്‍ണാടക മുഖ്യമന്ത്രി പദത്തിന് വേണ്ടിയുള്ള തര്‍ക്കം രൂക്ഷമായതോടെ പരസ്യപ്രതികരണങ്ങള്‍ വിലക്കി ഹൈക്കമാന്‍ഡ്. ഒരു നേതാക്കളും പരസ്യമായി പ്രതികരിക്കരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. തുടര്‍ ചര്‍ച്ചയുടെ ഭാഗമായി എംബി പാട്ടീല്‍ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ എത്തിയിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബീവി ശ്രീനിവാസും രണ്‍ദീപ് സുര്‍ജെവാലയും കെസി വേണുഗോപാലും ഖാര്‍ഗെയുടെ വസതിയില്‍ എത്തി ചര്‍ച്ചയില്‍ പങ്കുചേര്‍ന്നിരുന്നു. ഡികെ ശിവകുമാര്‍ സുര്‍ജെവാലയുടെ വസതിയില്‍ എത്തിയിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനം നീളുകയാണ്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിന് ഡി കെ ശിവകുമാര്‍ വഴങ്ങുന്നില്ല. സിദ്ധരാമയ്യയുടെ നീക്കങ്ങളില്‍ ഡി കെക്ക് കടുത്ത അതൃപ്തിയാണുള്ളത്.
കര്‍ണാടകയില്‍ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കി മൂന്നു ദിവസം പൂര്‍ത്തിയാക്കിയിട്ടും സര്‍ക്കാര്‍ രൂപികരിക്കാനാവതെ കോണ്‍ഗ്രസ് കുഴങ്ങുകയാണ്. മുഖ്യമന്ത്രി പദത്തിന് വേണ്ടി രംഗത്തുള്ള മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ. ശിവകുമാറും ഒരു വിട്ടുവീഴ്ചയ്ക്കും തയാറായിട്ടില്ല.
സിദ്ധരാമയ്യയെയാണ് ഹൈകമാന്‍ഡ് പിന്തുണക്കുന്നതെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നതിനിടെ അനുയായികള്‍ ബെംഗളൂരുവില്‍ ആഘോഷം തുടങ്ങിയിരുന്നു. ഇത് ഡികെ ശിവകുമാര്‍ വിഭാഗത്തെ ചൊടിപ്പിച്ചു. ഇതാണ് നിലപാടില്‍ അയവില്ലാതെ തുടരുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രിപദം വിട്ടുകൊടുക്കാനില്ലെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് ശിവകുമാര്‍. വ്യാഴാഴ്ചയോടെ അന്തിമ തീരുമാനം പാര്‍ടി അധ്യക്ഷന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
സിദ്ധരാമയ്യ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ ആഹ്ലാദപ്രകടനം നടത്തി. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമായിരുന്നു ആഘോഷം. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്ന കാര്യം രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ ഉറപ്പിച്ചതായി കെ.പി.സി.സി വനിതാ വിഭാഗം സംസ്ഥാന അധ്യക്ഷ പുഷ്പ അമര്‍നാഥ് പറഞ്ഞു. സിദ്ധരാമയ്യയെ പ്രവര്‍ത്തകര്‍ ആശംസയറിയിച്ചെന്നും ഇവര്‍ പറഞ്ഞു. സിദ്ധരാമയ്യയുടെ വീടിനു മുന്നിലും ആഹ്ലാദ പ്രകടനമുണ്ടായി.
Read more
മുഖ്യമന്ത്രിപദത്തില്‍ വീതംവയ്പ് ഫോര്‍മുല അംഗീകരിക്കില്ലെന്ന ഡികെ നിലപാട് അറിയിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കിയതിന് ശേഷം കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വീട്ടില്‍ നിന്ന് അദേഹം മടങ്ങി. വീതംവയ്പാണെങ്കില്‍ ആദ്യ ടേം തന്നെ ലഭിക്കണമെന്ന ആവശ്യവും ശിവകുമാര്‍ ഉന്നയിച്ചു. കര്‍ണാടക മുഖ്യമന്ത്രിപദത്തില്‍ തീരുമാനം അനിശ്ചിതമായി നീളുന്ന പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞ ഒരുക്കങ്ങള്‍ നിര്‍ത്തിവച്ചു. സ്റ്റേജ് അടക്കമുള്ളവയുടെ നിര്‍മാണം നിര്‍ത്തിവച്ചിട്ടുണ്ട്.