തൂക്കി വില്‍ക്കുന്ന അരിക്കും ജിഎസ്ടി; രാജ്യമൊട്ടാകെ അരി വില കൂടും

രാജ്യമൊട്ടാകെ അരിക്ക് വിലകൂടും. തൂക്കി വില്‍ക്കുന്ന അരിക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെയാണ് വില വര്‍ദ്ധിക്കുന്നത്. നാളെ മുതല്‍ കിലോയ്ക്ക് രണ്ടര രൂപവരെ വര്‍ദ്ധിക്കുമെന്നാണ് സൂചന. പായ്ക്ക് ചെയ്ത ബ്രാന്‍ഡ് പതിക്കാത്ത അരിക്കും അഞ്ചു ശതമാനം ജിഎസ്ടി നിലവില്‍ വരും.

ലീഗല്‍ മെട്രോളജി നിയമപ്രകാരം ചില്ലറ വില്‍പന നിബന്ധന അരിക്ക് ജിഎസ്ടി നിശ്ചയിക്കുന്നതില്‍ ബാധകമായിരുന്നു. ഇതനുസരിച്ച് ലേബല്‍ പതിച്ചിട്ടുള്ളതും പായ്ക്ക് ചെയ്തതുമായ 25 കിലോയില്‍ താഴെയുള്ള അരിചാക്കുകള്‍ക്ക് മാത്രമായിരുന്നു നിലവില്‍ നികുതി ഏര്‍പ്പെടുത്തിയിരുന്നത്. പുതിയ വിജ്ഞാപനത്തില്‍ ഈ നിബന്ധന ഒഴിവാക്കിയിരിക്കുകയാണ്.

കഴിഞ്ഞ മാസം 28നും 29നും ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ഇതോടെ 50 കിലോ ചാക്കിനും നികുതി ബാധകമായി. അതേസമയം സംസ്ഥാന ജിഎസ്ടി വകുപ്പ് പുതുക്കിയ വിജ്ഞാപനം ഇറക്കിയിട്ടില്ല.

Read more

അരിയും ഗോതമ്പും ഉള്‍പ്പെടെ ധാന്യങ്ങള്‍ക്കും പയറു വര്‍ഗങ്ങള്‍ക്കും 5 ശതമാനം ജിഎസ്ടിയാണ് ചുമത്തിയിട്ടുള്ളത്. ഈ മാസം 13ന് ജിഎസ്ടി നിയമം ഭേദഗതി ചെയ്തു വിജ്ഞാപനം ഇറക്കിയപ്പോഴാണ് 25 കിലോയെന്ന പരിധി സര്‍ക്കാര്‍ എടുത്തു കളഞ്ഞത്. ഇതേ തുടര്‍ന്നാണ് ചില്ലറയായി തൂക്കി വില്‍ക്കുന്ന ധാന്യങ്ങള്‍ക്കും പയറു വര്‍ഗങ്ങള്‍ക്കും നികുതി ബാധകമായത്.