പശ്ചിമ ബംഗാള്‍ ഡിജിപിയെയും, 6 സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെയും മാറ്റും; ഉത്തരവിറക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെ മാറ്റാന്‍ നിര്‍ദ്ദേശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഉത്തരാഖണ്ഡ്, ബിഹാര്‍, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെ മാറ്റാനാണ് ഉത്തരവ്.

ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. ആഭ്യന്തര വകുപ്പ് സെക്രട്ടറിമാര്‍ക്ക് പുറമേ പശ്ചിമ ബംഗാള്‍ ഡിജിപി, ഹിമാചല്‍പ്രദേശ് മിസോറാം എന്നീ സംസ്ഥാനങ്ങളിലെ ജനറല്‍ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറിമാരെ മാറ്റാനും നിര്‍ദ്ദേശമുണ്ട്. പശ്ചിമ ബംഗാള്‍ ഡിജിപി രാജീവ് കുമാറിനെ നീക്കാനാണ് കമ്മീഷന്റെ ഉത്തരവ്.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി അടുത്ത ബന്ധമുള്ള ആളാണ് ഡിജിപി രാജീവ് കുമാര്‍. നേരത്തെ 2016ലെ നിയമസഭ തിരഞ്ഞെടുപ്പ് കാലത്തും 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്തും പശ്ചിമ ബംഗാളില്‍ ഡിജിപിമാരെ മാറ്റിയിരുന്നു. സുതാര്യവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് നീക്കമെന്നാണ് വിവരം.