യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

രാജ്ഭവനില്‍ വച്ച് സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം നിഷേധിച്ച് പശ്ചിമ ബംഗാള്‍ ഗവര്‍ണറും മലയാളിയുമായ സി.വി ആനന്ദ ബോസ്. ആരോപണം അടിസ്ഥാനരഹിതമെന്നും സത്യം വിജയിക്കും. തന്നെ അപകീര്‍ത്തിപ്പെടുത്തി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ദൈവം രക്ഷിക്കട്ടെ എന്നും ആനന്ദബോസ് പറഞ്ഞു.

യുവതി ആരോപണം ഉയര്‍ത്തിയതിന് പിന്നാലെ രാജ്ഭവനില്‍ പോലീസ് കയറുന്നത് ഗവര്‍ണര്‍ വിലക്കി. തനിക്കെതിരേ ആരോപണം ഉന്നയിച്ച മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ രാജ്ഭവനില്‍ കയറുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബംഗാള്‍ ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ ഉള്‍പ്പെടെയുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാണ് ആനന്ദബോസിനെതിരെ ആരോപണമുന്നയിച്ചത്. പരാതിക്കാരിയായ സ്ത്രീ പോലീസില്‍ പരാതി നല്കിയിട്ടുണ്ടെന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

ജോലിയില്‍ വീഴ്ച വരുത്തിയതില്‍ ഗവര്‍ണര്‍ താക്കീത് നല്‍കിയതില്‍ കരാര്‍ ജീവനക്കാരി പ്രതികാരം തീര്‍ക്കുന്നു എന്നാണ് വിഷയത്തില്‍ രാജ്ഭവന്‍ നല്‍കുന്നു വിശദീകരണം. ഗവര്‍ണര്‍ക്കെതിരായ പരാതിയില്‍ പോലീസ് നിയമോപദേശം തേടിയിരിക്കുകയാണ്. പരാതിയില്‍ കേസെടുത്തിട്ടില്ലെന്നു പോലീസ് വ്യക്തമാക്കി.