കൊറോണ വൈറസ് ലോക്ക്ഡൗൺ നീട്ടാൻ സർക്കാർ തീരുമാനിച്ചത് സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിച്ച് സോണിയ ഗാന്ധി. “മെയ് 17- ന് ശേഷം എന്ത് ?” എന്ന് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ സോണിയ ഗാന്ധി ചോദിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും ഇതേ ചോദ്യമുയർത്തി.
കൊറോണ വൈറസിന്റെ വ്യാപനം മന്ദഗതിയിലാക്കാൻ മാർച്ച് 25-ന് ഇന്ത്യ രാജ്യവ്യാപകമായി ലോക്ക് ഡൗണിലേക്ക് പോയി. അതിനുശേഷം, ഏപ്രിൽ 14, മെയ് 4 തിയതികളിൽ രണ്ടുതവണ ലോക്ക് ഡൗൺ നീട്ടി. മൂന്നാം ഘട്ടം മെയ് 17- ന് അവസാനിക്കും, അതേസമയം വൈറസ് ബാധ കുറഞ്ഞ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ ലഘൂകരിച്ചു.
“മെയ് 17- ന് ശേഷം, എന്ത്? മെയ് 17- ന് ശേഷം എങ്ങനെ? ലോക്ക്ഡൗൺ എത്രത്തോളം തുടരണമെന്ന് തീരുമാനിക്കാൻ സർക്കാർ എന്ത് മാനദണ്ഡമാണ് ഉപയോഗിക്കുന്നത്,” വീഡിയോ ലിങ്ക് വഴിയുള്ള യോഗത്തിൽ സോണിയ ഗാന്ധി ചോദിച്ചതായി, കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.
സോണിയ ഗാന്ധി ചോദിച്ചതു പോലെ മൂന്നാംഘട്ട ലോക്ക് ഡൗണിന് ശേഷം എന്ത് സംഭവിക്കുമെന്ന് നമ്മൾ അറിയേണ്ടതുണ്ടെന്ന് കോൺഗ്രസ് അദ്ധ്യക്ഷക്ക് ശേഷം സംസാരിച്ച മൻമോഹൻ സിംഗ് പറഞ്ഞു.
രാജ്യത്തെ ലോക്ക് ഡൗണിൽ നിന്ന് കരകയറ്റാൻ ഇന്ത്യൻ സർക്കാരിന്റെ തന്ത്രമെന്താണെന്ന് മുഖ്യമന്ത്രിമാർ ചോദിക്കേണ്ടതുണ്ടെന്ന് മൻമോഹൻ സിംഗ് പറഞ്ഞു.
ലോക്ക്ഡൗൺ നീട്ടുന്നതിനെ കുറിച്ചും അതിന്റെ സാമ്പത്തിക ആഘാതത്തെ കുറിച്ചും ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രിമാരിൽ പഞ്ചാബിലെ അമരീന്ദർ സിംഗും ഉൾപ്പെടുന്നു.
“നാട്ടിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഡൽഹിയിൽ ഇരിക്കുന്ന ആളുകൾ കോവിഡ് -19 സോണുകളുടെ വർഗീകരണം തീരുമാനിക്കുന്നുവെന്നതാണ് ആശങ്ക,” അമരീന്ദർ സിംഗ് പറഞ്ഞു.
“വിപുലമായ ഉത്തേജക പാക്കേജ് നൽകുന്നതു വരെ, സംസ്ഥാനങ്ങളും രാജ്യവും എങ്ങനെ പ്രവർത്തിക്കും? നമ്മൾക്ക് 10,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചു.” ആശങ്ക പ്രകടിപ്പിച്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് കേന്ദ്ര ദുരിതാശ്വാസ പാക്കേജ് ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങൾ മോശം സ്ഥിതിയിലാണെങ്കിലും കേന്ദ്രം പണം അനുവദിച്ചിട്ടില്ല എന്ന് മുൻ കേന്ദ്രമന്ത്രി പി ചിദംബരം ആരോപിച്ചു.
ലോക്ക്ഡൗണിൽ കുടുങ്ങിയ കുടിയേറ്റക്കാരുടെ വീട്ടിലേക്കുള്ള ട്രെയിൻ യാത്രയ്ക്ക് കോൺഗ്രസ് പണം നൽകുമെന്ന് തിങ്കളാഴ്ച സോണിയ ഗാന്ധി അറിയിച്ചിരുന്നു. ട്രെയിൻ നിരക്ക് ഈടാക്കുന്നതിനെതിരെ കേന്ദ്രസർക്കാരിനെ വിമർശിക്കുകയും ചെയ്തു.
Read more
ആരോപണം നിഷേധിച്ച കേന്ദ്രം ടിക്കറ്റിന് 85 ശതമാനം സബ്സിഡി നൽകിയതായും സംസ്ഥാനങ്ങൾ മുന്നോട്ട് വന്ന് ബാക്കി തുക നൽകണമെന്നും നിർദേശിച്ചു.