തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബി.ജെ.പി വോട്ട് ചെയ്യുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശം വിവാദത്തില്‍. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് അദേഹം ബിജെപിയെ അനുകൂലിച്ചത്. ഇൗ പ്രസംഗം തൃണമൂല്‍ കോണ്‍ഗ്രസ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതോടെ കോണ്‍ഗ്രസ് വെട്ടിലായിരിക്കുകയാണ്.

ഇക്കുറി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ജയിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ രാജ്യത്തെ മതേതരത്വം ഇല്ലാതാകും. തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതാണ് എന്നാണ്അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞത്.

ബംഗാളില്‍ ബിജെപിയുടെ ബി-ടീമാണ് ചൗധരിയും കോണ്‍ഗ്രസും സിപിഎമ്മുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ പ്രതികരണം. ബി.ജെ.പിയുടെ കണ്ണും കാതുമായി പ്രവര്‍ത്തിച്ചുവന്നിരുന്ന ചൗധരി ഇപ്പോള്‍ ബി.ജെ.പിയുടെ ശബ്ദമായും മാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ചൗധരിക്കുള്ള മറുപടി ജനം തിരഞ്ഞെടുപ്പിലൂടെ നല്‍കുമെന്നും മമത വ്യക്തമാക്കി.