ഗ്യാസ് സിലണ്ടര്‍ 450 രൂപയ്‌ക്കെന്ന മോദി പരസ്യം തൂങ്ങൂന്ന വഴികളില്‍, 'യേ മോദി ഹേ' എന്ന് പറഞ്ഞു വാഗ്ദാനപാലകനായി പ്രധാനമന്ത്രി; അവകാശവാദങ്ങളുമായി തന്റെ പേരില്‍ വോട്ട് ചോദിച്ച് മധ്യപ്രദേശില്‍ മോദി

മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് എല്ലാം ‘മോദി മയമാണ്’. നിലവിലെ ബിജെപി സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ഉയരുന്ന മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാനെ ഒതുക്കി നിര്‍ത്തി തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതല്‍ നരേന്ദ്ര മോദി സ്റ്റിയറിംഗ് വീലിന് പുറകില്‍ കയറിയതാണ്. ഇപ്പോള്‍ തന്റെ പേരിലാണ് നരേന്ദ്ര മോദി മധ്യപ്രദേശില്‍ വോട്ട് ചോദിക്കുന്നത്.

‘യേ മോദി ഹേ’, എന്ന് പറഞ്ഞു മോദിയുടെ ഗ്യാരന്റിയാണെന്ന് പറഞ്ഞു മധ്യപ്രദേശിലെ റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശവാദങ്ങള്‍ നിരത്തുമ്പോള്‍, അപ്പുറത്ത് മോദിയുടെ ഗ്യാസ് സിലണ്ടറുകള്‍ ഇപ്പോള്‍ 450 രൂപയ്‌ക്കെന്ന പരസ്യ ബോര്‍ഡ് വഴി നീളെ പമ്പുകളിലടക്കം ഇപ്പോഴും ഊരി മാറ്റാതെ കിടക്കുന്ന കാഴ്ചയുമുണ്ട്. 1100 രൂപയ്ക്ക് മേലേയ്ക്ക് ഗാര്‍ഹിക ഗ്യാസ് സിലണ്ടറുകള്‍ കുതിച്ചു കയറുകയുമ്പോഴാണ് വാഗ്ദാനപാലക മുഖവുമായി മോദി തിരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിക്കുന്നതെന്നത് തികഞ്ഞ വൈരുധ്യമാണ്.

സത്‌നയിലെ റാലിയില്‍ മോദി താളാത്മകമായി അടിക്കടി യേ മോദി ഹേ എന്ന വീരവാദം മുഴക്കുന്നുണ്ടായിരുന്നു. ലോകത്തിന് മുന്നില്‍ ഇന്ത്യയെ വാഴ്ത്താന്‍ താന്‍ കാരണമായി എന്നതായിരുന്നു മോദിയുടെ അവകാശവാദങ്ങളില്‍ ഒന്ന്. ബാക്കി സമയങ്ങളിലെല്ലാം കോണ്‍ഗ്രസ് വിമര്‍ശനമായിരുന്നു പ്രസംഗങ്ങളില്‍. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായതില്‍ രാജ്യമെമ്പാടും ആനന്ദത്തില്‍ ആറാടുകയാണെന്ന് പറയാനും പ്രധാനമന്ത്രി മടിച്ചില്ല.

നാല് കോടി വീടുകള്‍ പാവപ്പെട്ടവര്‍ക്ക് നിര്‍മ്മിച്ച് നല്‍കുമെന്ന വാഗ്ദാനം പൂര്‍ത്തിയാക്കിയ താന്‍ ഇതുവരെ സ്വന്തമായി ഒരൊറ്റ വീട് നിര്‍മ്മിച്ചിട്ടില്ലെന്നും മേദി ഇടയ്ക്കിടെ പറഞ്ഞു. മോദിയാണ് പാവപ്പെട്ടവരുടെ കാര്യങ്ങള്‍ പരിഗണിച്ചു തുടങ്ങിയതെന്ന് പോലും മോദി റാലിയില്‍ പറഞ്ഞു.

മോദിയാണ് പാവപ്പെട്ടവരുടെ കാര്യങ്ങള്‍ പരിഗണിച്ചു തുടങ്ങിയത്. ഞാനാണ് പാവപ്പെട്ടവര്‍ സൗജന്യ റേഷന്‍ നല്‍കി കൊണ്ടിരിക്കുന്നത്. ഞാന്‍ ഈ 10 വര്‍ഷ കാലം കൊണ്ട് 33 ലക്ഷം കോടി പാവപ്പെട്ടവരുടെ അക്കൗണ്ടുകളിലെത്തിച്ചു. നിങ്ങള്‍ ഈ ചൗക്കിദാറിനെ സര്‍ക്കാര്‍ നയിക്കാന്‍ നിയോഗിച്ചത് കൊണ്ടാണ് പണ്ട് മോഷ്ടിക്കപ്പെട്ടുകൊണ്ടിരുന്ന പണം ജനന്മയ്ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞത്.

മോദി കോണ്‍ഗ്രസിനെ ആക്രമിച്ച് റാലികളില്‍ സ്വന്തം പേര് ആവര്‍ത്തിച്ച് പറഞ്ഞു നടത്തുന്ന അവകാശവാദങ്ങളെ പരിഹസിക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തത്. മോദി വ്യാപം അഴിമതിയെ കുറിച്ച് ഒരു വാക്ക് പറഞ്ഞോയെന്നാണ് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചത്. കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറുടെ മകന്റെ വൈറലായ വീഡിയോയില്‍ 100 കോടിയെ കുറിച്ചെല്ലാം ചര്‍ച്ച നടത്തുന്നതിനെ കുറിച്ച് മോദി എന്തെങ്കിലും മിണ്ടിയോ എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ബിജെപി നേതാവ് ആദിവാസി യുവാവിന്റെ മുകളില്‍ മൂത്രമൊഴിച്ച മധ്യപ്രദേശ് സംഭവത്തെ കുറിച്ച് മോദി സംസാരിച്ചിരുന്നുവോയെന്നും അദാനിയുടെ പേരിലേക്ക് രാജ്യത്തെ പൊതുസ്വത്ത് കൈമാറുന്നതിനെ പറ്റിയെന്തെങ്കിലും മോദി പറഞ്ഞോയെന്നും രാഹുല്‍ ഗാന്ധി ജനക്കൂട്ടത്തോട് ചോദിച്ചു.