ഉത്തര്‍പ്രദേശില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് കീഴില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉത്തര്‍പ്രദേശ് വികസനത്തിന്റെ പാതയിലാണ്. മാര്‍ച്ച് 10 ന് ഫലം പ്രഖ്യാപിക്കുമ്പോള്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള മാതൃകാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ശനിയാഴ്ച പ്രാബല്യത്തില്‍ വരുന്നതിന് മുമ്പായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
സംസ്ഥാനത്ത് 80 ശതമാനം 20 ശതമാനം എന്ന നിലയിലായിരിക്കും തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഫലമെന്ന് യുപിയിലെ ദ്വിദിന ദൂരദര്‍ശന്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കവേ യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. ’80 ശതമാനം അനുഭാവികളും ഒരു വശത്തും 20 ശതമാനം പേര്‍ മറുവശത്തുമായിരിക്കും. 80 ശതമാനം പേര്‍ പോസിറ്റീവ് എനര്‍ജിയോടെ മുന്നോട്ട് പോകുമെന്ന് ഞാന്‍ കരുതുന്നു, അതേസമയം 20 ശതമാനം എപ്പോഴും എതിര്‍ക്കുകയും ചെയ്യും. ‘എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടേയും വികസനം’ എന്ന ആശയം മുന്നോട്ട് കൊണ്ടുപോകാന്‍ വീണ്ടും പ്രവര്‍ത്തിക്കും’ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ജനസംഖ്യയുടെ 20 ശതമാനത്തോളം മുസ്ലിംങ്ങളാണ്. 80 ശതമാനവും 20 ശതമാനവും എന്ന പ്രസ്താവന സാമുദായിക നിറം നല്‍കാനാണ് ലക്ഷ്യമിടുന്ന് ആദിത്യനാഥിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് കൊണ്ട് സമാജ്വാദി പാര്‍ട്ടി (എസ്പി) വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ ഹിന്ദു-മുസ്ലിം എന്ന പ്രശ്നം ഉണ്ടാകില്ലെന്നും ജനാധിപത്യം സംരക്ഷിക്കാന്‍ ജനങ്ങള്‍ വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Read more
ഫെബ്രുവരി 10 മുതല്‍ ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടമായി വോട്ടെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27, മാര്‍ച്ച് 3, മാര്‍ച്ച് 7 തീയതികളിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവയ്ക്കൊപ്പം ഉത്തര്‍പ്രദേശിലെ വോട്ടെണ്ണലും മാര്‍ച്ച് 10 ന് നടക്കും. രാഷ്ട്രീയമായി നിര്‍ണായകമായ സംസ്ഥാനത്ത് യോഗി ആദിത്യനാഥിനെ തന്നെ ബിജെപി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു കഴിഞ്ഞു.