ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ സന്ന്യാസികളുടെ കൊലപാതകത്തെ ചൊല്ലിയുള്ള രാഷ്ട്രീയ തർക്കത്തിൽ ശിവസേന നേതാവ് സഞ്ജയ് റൗത്തിനെതിരെ യോഗി ആദിത്യനാഥിന്റെ ട്വീറ്റ്. “നിങ്ങൾ മഹാരാഷ്ട്രയിലെ കാര്യങ്ങൾ കൈകാര്യം ചെയ്യുക, യു.പിയെ കുറിച്ച് വിഷമിക്കേണ്ട,” യോഗി ആദിത്യനാഥ് പറഞ്ഞു.
ബുലന്ദ്‌ഷഹർ കൊലപാതകത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച സഞ്ജയ് റൗത്തിനെതിരെ യോഗി ആദിത്യനാഥ് ഇന്നലെ വൈകുന്നേരം മൂന്ന് ട്വീറ്റുകൾ പോസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പൽഘറിൽ രണ്ട് സന്ന്യാസികളെ ജനക്കൂട്ടം കൊന്ന സംഭവത്തിലെന്ന പോലെ ഇതിലും സാമുദായിക രാഷ്ട്രീയം പാടില്ലെന്ന് യോഗി ആദിത്യനാഥ് അദ്ദേഹത്തെ ഉപദേശിച്ചു.
“സഞ്ജയ് റൗത്ത്, പൽഘറിലെ സന്ന്യാസിമാരെ കൊന്നൊടുക്കുന്നതിനെ കുറിച്ചുള്ള ആശങ്ക രാഷ്ട്രീയമാണെന്ന് മുദ്ര കുത്തുന്ന അത്തരം പ്രത്യയശാസ്ത്ര വീക്ഷണങ്ങളെ കുറിച്ച് ഞങ്ങൾ എന്താണ് പറയേണ്ടത്,? രക്തം പുരണ്ട മോശം ധാർമ്മികതയിലുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ നിങ്ങളുടെ മാറിയ രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ്. ഇത് നിസ്സംശയമായും പ്രീണനത്തിനുള്ള ശ്രമമാണ്,” യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.
“യു.പിയിൽ നിയമവാഴ്ചയുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ബുലന്ദ്‌ഷഹർ കൊലപാതകത്തെ തുടർന്ന് അടിയന്തര നടപടി എടുത്തു പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി. മഹാരാഷ്ട്ര കൈകാര്യം ചെയ്യുക, യുപിയെ കുറിച്ച് വിഷമിക്കേണ്ട.” ആദിത്യനാഥ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി യുപിയിൽ നടന്ന രണ്ട് സന്ന്യാസികളുടെ കൊലപാതകം രാഷ്ട്രീയ വിവാദമായി. പൽഘറിൽ സന്ന്യാസികളെ ആൾകൂട്ടക്കൊല ചെയ്ത സംഭവത്തെ വർഗീയവത്കരിച്ചെന്ന് മഹാരാഷ്ട്ര ഭരിക്കുന്ന ശിവസേന ആരോപിച്ചു. പൽഘറിൽ സന്ന്യാസികളെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച ബി.ജെ.പി അക്രമത്തിന് പിന്നിൽ വർഗീയതയുണ്ടെന്ന് പറഞ്ഞിരുന്നു എന്നാൽ മഹാരാഷ്ട്ര സർക്കാർ ഇത് നിഷേധിച്ചു. അവയവക്കടത്ത് അഭ്യൂഹത്തെ തുടർന്നാണ് സന്ന്യാസിമാരെയും അവരുടെ ഡ്രൈവറെയും ആൾകൂട്ടം ആക്രമിച്ചതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
പൽഘർ സംഭവത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട ബിജെപി നേതാക്കളിൽ യോഗി ആദിത്യനാഥും ഉൾപ്പെടുന്നു; ആശങ്ക പ്രകടിപ്പിക്കാനും അന്വേഷണത്തിന് ആഹ്വാനം ചെയ്യാനും അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വിളിച്ചിരുന്നു. യു.പിയിൽ സന്ന്യാസിമാരുടെ കൊലപാതകത്തെ തുടർന്ന് ഉദ്ധവ് താക്കറെയും ഇന്നലെ ഒരു മറുപടിയെന്ന പോലെ യോഗി ആദിത്യനാഥിനെ വിളിച്ച് അതുതന്നെ ചെയ്തു.
Read more
” യുപിയിലെ ബുലന്ദ്‌ഷഹറിലെ ഒരു ക്ഷേത്രത്തിൽ സന്ന്യാസിമാരെ കൊലപ്പെടുത്തിയ സംഭവം ഭയാനകമാണ്. പക്ഷേ, മഹാരാഷ്ട്രയിലെ പൽഘർ വിഷയത്തിൽ ഉണ്ടാക്കാൻ ശ്രമിച്ച രീതിയിൽ അതിനെ വർഗീയവത്കരിക്കരുതെന്നു ബന്ധപ്പെട്ട എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു.” സഞ്ജയ് റൗത്ത് നേരത്തെ ട്വീറ്റ് ചെയ്തു.