വനിതാ സംവരണ ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ചർച്ചയായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പഴയ പ്രസ്താവനകൾ. 2010 ൽ യുപിഎ സർക്കാർ വനിതാ സംവരണ ബിൽ കൊണ്ടുവന്നപ്പോൾ കടുത്ത വിമർശനമാണ് യോഗി ആദിത്യനാഥ് ഉന്നയിച്ചിരുന്നത്. വനിതാ സംവരണ ബിൽ നിയമമായാൽ അത് ഇന്ത്യൻ രാഷ്ട്രീയവ്യവസ്ഥയെ തന്നെ മുക്കിക്കൊല്ലുമെന്നായിരുന്നു യോഗിയുടെ വാദം.
യോഗി ആദിത്യനാഥ് അന്ന് ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ അഭിമുഖമാണ് ഇപ്പോൾ ചർച്ചയാവുന്നത്. 2010 ൽ വനിത സംവരണ ബിൽ രാജ്യസഭ പാസാക്കിയിരുന്നു. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് 2010 മാർച്ച് ഒമ്പതിനാണ് ബിൽ രാജ്യസഭ പാസാക്കിയത്. അന്ന് ബിജെപി ബില്ലിനെ പിന്തുണച്ചിരുന്നെങ്കിലും, ബില്ലിനെ നിശിതമായി വിമർശിച്ചുകൊണ്ട് എതിർത്തയാളായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അന്ന് ഗൊരഖ്പൂർ എംപിയായിരുന്നു യോഗി.
യുപിഎ സർക്കാർ കൊണ്ടുവന്ന വനിതാ സംവരണ ബില്ലിനെ അനുകൂലിക്കാനാണ് ബിജെപി നേതൃത്വം തീരുമാനിച്ചതെങ്കിലും യോഗിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾ കടുത്ത എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. വിഷയത്തിൽ പാർട്ടി എംപിമാർക്കിടയിൽ ചർച്ച നടത്തി തീരുമാനമെടുക്കുമെന്നാണ് യോഗി അന്ന് ‘ഹിന്ദുസ്ഥാൻ ടൈംസി’നോട് പ്രതികരിച്ചത്. ചർച്ച നടന്നില്ലെങ്കിൽ എംപി സ്ഥാനം രാജിവയ്ക്കുമെന്നു ഭീഷണിയും മുഴക്കിയിരുന്നു.
Yogi Adityanath on Women’s Reservation Bill in 2010 to Hindustan Times:
“There is no question of a whip in favour of the Bill; we are public representatives and not bonded labour”
“We will push for a discussion in the party with all MPs on the women’s quota issue, as was decided… pic.twitter.com/kU8eIO77ur— Mohammed Zubair (@zoo_bear) September 18, 2023
ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാൻ ബിജെപി വിപ്പ് നൽകുമോയെന്ന ചോദ്യംപോലും ഉദിക്കുന്നില്ലെന്നും എംപിമാർ കെട്ടിയിടപ്പെട്ട തൊഴിലാളികളല്ലെന്നുമായിരുന്നു ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ യോഗി പറഞ്ഞത്. വനിത സംവരണത്തെ എതിർക്കാൻ വിചിത്രമായ കാരണങ്ങളും യോഗി മുന്നോട്ടുവെച്ചു. ‘പുരുഷൻ സ്ത്രീയുടെ സ്വഭാവം കാണിച്ചു തുടങ്ങിയാൽ ദൈവമായി മാറും. സ്ത്രീ പുരുഷന്‍റെ സ്വഭാവം കാണിച്ചാൽ പിശാചായാണ് മാറുക. സ്ത്രീ സ്വാതന്ത്ര്യത്തിനുള്ള പാശ്ചാത്യ ആശയങ്ങൾ ഏറെ ആലോചിച്ച് വേണം ഇന്ത്യൻ സാഹചര്യത്തിൽ നടപ്പാക്കാൻ’, എന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്.
‘ഈ ബിൽ ഇന്ത്യൻ രാഷ്ട്രീയവ്യവസ്ഥയെ മുക്കിക്കൊല്ലും. നിലവിൽ തദ്ദേശതലത്തിൽ വനിതാ സംവരണമുണ്ട്. ഇത് കുട്ടികളുടെ പരിചരണം പോലെയുള്ള സ്ത്രീകളുടെ ഗാർഹിക ചുമതലകളെ ബാധിക്കുന്നുണ്ടോ എന്നു വിലയിരുത്തണം. അത്ര നല്ല സാഹചര്യമല്ല ഇപ്പോഴുള്ളത്. എന്നാലും, പരീക്ഷണാടിസ്ഥാനത്തിൽ അതു തുടരണം. വിജയകരമാണെങ്കിൽ മാത്രമേ പാർലമെന്റിലേക്കും ഈ ബിൽ എത്തിക്കുവാൻ പാടുള്ളു’ എന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
Read more
2010 മാർച്ച് 9ന് യുപിഎ സർക്കാരിന്റെ കാലത്ത് വനിതാ സംവരണ ബിൽ രാജ്യസഭ പാസാക്കിയിരുന്നു. എന്നാൽ സമാജ്‌വാദി പാർട്ടിയും ആർജെഡിയും എതിർത്തതിനെ തുടർന്നാണ് ലോക്സഭയിൽ ബിൽ പാസാകാതെ പോയത്. ഇപ്പോൾ 13 വർഷങ്ങൾക്ക് ശേഷമാണ് ബിൽ ലോക്സഭയിൽ എത്തിയിരിക്കുന്നത്.