തരിഗാമിയുടെ ഡല്‍ഹി യാത്ര വിലക്കി കേന്ദ്രം; കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കാനായില്ല

അധികൃതര്‍ അനുമതി നല്‍കാതിരുന്നതിനെ തുടര്‍ന്ന് സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയ്ക്ക് ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനായില്ല. തരിഗാമിയ്‌ക്കെതിരെ ഒരു കേസുമില്ലെന്നും അദ്ദേഹം തടവിലല്ലെന്നും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍ ഇപ്പോള്‍ യാത്രയ്ക്കുള്ള അനുമതി നല്‍കാതിരിയ്ക്കുകയായിരുന്നു. ഒക്ടോബര്‍ രണ്ടിന് തുടങ്ങിയ കേന്ദ്ര കമ്മിറ്റി യോഗം വെള്ളിയാഴ്ച അവസാനിക്കുകയാണ്.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കപ്പെട്ട ശേഷം അനുമതി വാങ്ങിയേ ആര്‍ക്കും പുറത്തേക്ക് യാത്ര ചെയ്യാന്‍ കഴിയൂ. ഇതനുസരിച്ച് ശ്രീനഗര്‍ ജില്ലാ മജിസ്‌ട്രേറ്റിനു വളരെ നേരത്തെ തന്നെ തരിഗാമി അപേക്ഷ നല്‍കി. ഒരു മറുപടിയും കിട്ടിയില്ലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന കണ്‍വീനര്‍ ഇര്‍ഫാന്‍ ഗുല്‍ ഹിന്ദു ദിനപത്രത്തോട് പറഞ്ഞു. കാണാന്‍ അനുമതി ചോദിച്ചിട്ട് അതും അനുവദിച്ചില്ല.

ഓഗസ്റ്റ് അഞ്ചു മുതല്‍ വീട്ടുതടങ്കലിലാക്കിയ തരിഗാമിയെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ല. രണ്ടുവട്ടം ശ്രീനഗറില്‍ എത്തിയിട്ടും സിപി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് തരിഗാമിയെ കാണാന്‍ കഴിഞ്ഞില്ല. പിന്നീട് സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയാണ് തരിഗാമിയെ കാണാന്‍ യെച്ചൂരിക്ക് അനുമതി ലഭിച്ചത്. ഇതനുസരിച്ച് ഡല്‍ഹിയിലെത്തിച്ച തരിഗാമിയെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സിച്ചിരുന്നു. ശ്രീനഗറിലേക്ക് പോയ അദ്ദേഹം പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി യോഗത്തിനെത്തുമെന്ന് അന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.