മദ്യം വീടുകളിലെത്തിക്കാൻ പദ്ധതിയുമായി സൊമാറ്റോ; ശിപാർശ സമർപ്പിച്ചു

ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന പ്രമുഖ കമ്പനിയായ സൊമാറ്റോ മദ്യവിതരണ സംരംഭത്തിന് ഒരുങ്ങുന്നു. ആദ്യഘട്ടമായി ഇന്റര്‍നാഷണല്‍ സ്പിരിറ്റ്‌സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യക്ക് ശിപാർശ സമർപ്പിച്ചിരിക്കുകയാണ് സൊമാറ്റോ. ലോക്ക്ഡൗണ്‍ കാലത്തെ മദ്യത്തിന്റെ ഉയര്‍ന്ന ആവശ്യവും  നിയന്ത്രണങ്ങളും പരിഗണിച്ചാണ് സൊമാറ്റോ ഈ സംരഭത്തിന് മുതിരുന്നത്.

മാര്‍ച്ച് 25- ന് രാജ്യവ്യാപകമായി അടച്ച മദ്യവില്‍പ്പനശാലകള്‍ ഈ ആഴ്ചയാണ് വീണ്ടും തുറക്കാന്‍ പല സംസ്ഥാനങ്ങളും തീരുമാനിച്ചത്. ചിലയിടങ്ങളിലെ മദ്യഷാപ്പുകള്‍ക്ക് പുറത്ത് നീണ്ട വരികൾ ഉണ്ടായിരുന്നു. ഇതുമൂലം സാമൂഹിക അകലം പാലിക്കുന്ന ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാതെയുള്ള ക്രമസമാധാന പ്രശ്‌നങ്ങളും ഉയര്‍ന്നിരുന്നു.

ഇന്ത്യയില്‍ മദ്യത്തിന്റെ ഹോം ഡെലിവറിക്ക് നിലവില്‍ നിയമപരമായ വ്യവസ്ഥകളൊന്നുമില്ല. സോമാറ്റോയുമായും മറ്റുള്ളവരുമായും ചേര്‍ന്ന് മാറ്റം വരുത്താന്‍  ഇന്റര്‍നാഷണല്‍ സ്പിരിറ്റ്‌സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ISWAI) ശ്രമം നടത്തുന്നുണ്ട്.

“”ഹോം ഡെലിവറിയിലൂടെ ഉത്തരവാദിത്വമുള്ള മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,”” സോമാറ്റോയുടെ ഭക്ഷ്യ വിതരണ സിഇഒ മോഹിത് ഗുപ്ത ISWAI ന് എഴുതിയ ശിപാര്‍ശയില്‍ വ്യക്തമാക്കി. ഏപ്രില്‍ മദ്യത്തോടെയാണ് ശിപാര്‍ശ ISWAIക്ക് സമര്‍പ്പിച്ചത്.

മദ്യവില്‍പന നിലച്ചതോടെ വരുമാനം മുട്ടിയ സംസ്ഥാനങ്ങള്‍ മദ്യ വിതരണത്തിന് അനുവദിക്കണമെന്ന് ISWAI എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ അമൃത് കിരണ്‍ സിംഗ് പറഞ്ഞു. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കുന്നതിലൂടെ സംസ്ഥാനങ്ങള്‍ക്ക് റീട്ടെയില്‍ കൗണ്ടറിലെ അധികഭാരം കുറയ്ക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോക്ക്ഡൗണ്‍ കാലത്ത് ഹോട്ടലുകളും മറ്റും അടച്ചു പൂട്ടിയതിനാല്‍ പലചരക്ക് വിതരണവും ചിലയിടങ്ങളില്‍ സൊമാറ്റോ തുടങ്ങിയിരുന്നു.