വഖഫ് ഭരണഘടനയ്ക്കും മതേതര ജനാധിപത്യത്തിനും വിരുദ്ധം; കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബില്ലിനെ എംപിമാര്‍ പിന്തുണയ്ക്കണം; മോദി സര്‍ക്കാരിനെ പിന്തുണച്ച് ഇന്ത്യയിലെ ബിഷപ്പുമാരുടെ സംഘടന

കേന്ദ്ര സര്‍ക്കാര്‍ ലോകസഭയില്‍ ഇന്ന് അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്ലിന് പിന്തുണ നല്‍കി ഇന്ത്യയിലെ ബിഷപ്പുമാരുടെ സംഘടനയും ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷനുമായ കാത്തോലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ). കേരളത്തിലെ കത്തോലിക്ക ബിഷപ്പുമാരുടെ വേദിയായ കെസിബിസിക്ക് പിന്നാലെയാണ് സിബിസിഐ കേന്ദ്ര സര്‍ക്കാരിന് പിന്തുണച്ചത്.

നിലവിലുള്ള വഖഫ് നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനയ്ക്കും മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്കും വിരുദ്ധമാണ്. നിയമപരമായ ഭേദഗതിയിലൂടെ മാത്രമേ ശാശ്വതമായ പരിഹാരമുണ്ടാവുകയുള്ളുവെന്നും സിബിസിഐ പ്രസ്താവനയില്‍ അറിയിച്ചു.

മുനമ്പം ഉള്‍പ്പടെയുള്ള ഭൂമി പ്രശ്‌നങ്ങള്‍ക്ക് വഖഫ് നിയമ ഭേദഗതിയിലൂടെ ശാശ്വത പരിഹാരം നല്‍കണം. നിലവിലുള്ള വഖഫ് നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനയ്ക്കും മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്കും വിരുദ്ധമാണ്. മുനമ്പത്തെ 600ലധികം കുടുംബങ്ങളുടെ വസതികള്‍ വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നതിന് വഖഫ് ബോര്‍ഡ് ഈ വ്യവസ്ഥകള്‍ ഉപയോഗപ്പെടുത്തി – സിബിസിഐ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.

വഖഫ് നിയമഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോകുന്ന ഘട്ടത്തില്‍ രാഷ്ട്രീയപാര്‍ട്ടികളും നിയമസഭാ അംഗങ്ങളും പക്ഷപാതരഹിതവും ക്രിയാത്മകവുമായ സമീപനം സ്വീകരിക്കണം. നിയമപരമായ ഭേദഗതിയിലൂടെ ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകൂ. ഇത് ജനപ്രതിനിധികള്‍ തിരിച്ചറിയണം. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ സംരക്ഷിച്ച് കൊണ്ടാകണം മാറ്റമെന്നും സിബിസിഐ വ്യക്തമാക്കി.

സിബിസിഐയുടെ പിന്തുണയ്ക്ക് കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാരാമന്‍, കിരണ്‍ റിജിജു, ജോര്‍ജ് കുര്യന്‍ എന്നിവര്‍ നന്ദി പറഞ്ഞിട്ടുണ്ട്. ബിജെപി അജണ്ടയായ വഖഫ് ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന പ്രതിപക്ഷ അഭിപ്രായം തള്ളിയ സിബിസിഐ നിലവിലുള്ള വഖഫ് നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭരണഘടന വിരുദ്ധമാണെന്ന് സിബിസിഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന വഖഫ് ഭേദഗതി ബില്ലിനെ ശക്തമായി എതിര്‍ക്കണമെന്നും ഒരു സാഹചര്യത്തിലും അനുകൂലമായി വോട്ട് ചെയ്യരുതെന്നും രാഷ്ട്രീയ പാര്‍ട്ടികളോട് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി

ഇത് ബിജെപിയുടെ വര്‍ഗീയ അജണ്ടയാണ്, അതു തടയുന്നതിന് അതിനെതിരെ വോട്ട് ചെയ്യണമെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുല്ല റഹ്‌മാനി ആവശ്യപ്പെട്ടു. വഖഫ് നിയമങ്ങള്‍ ദുര്‍ബലപ്പെടുത്താനും വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാനും നശിപ്പിക്കാനും വഴിയൊരുക്കുകയാണ് ഈ ബില്ലിലൂടെ ബിജെപി ലക്ഷ്യമിടുന്നതെന്നും അദേഹം പറഞ്ഞു.

ഈ ഭേദഗതി പാസായാല്‍, വഖഫ് സ്വത്തുക്കളില്‍ നിയമവിരുദ്ധമായ സര്‍ക്കാര്‍, സര്‍ക്കാരിതര അവകാശവാദങ്ങള്‍ വര്‍ധിക്കും, ഇത് കലക്ടര്‍മാരും ജില്ലാ മജിസ്‌ട്രേറ്റുകളും അവ പിടിച്ചെടുക്കുന്നത് എളുപ്പമാക്കും. വഖഫ് ബോര്‍ഡുകളിലും കേന്ദ്ര വഖഫ് കൗണ്‍സിലിലും മുസ്ലീംകളല്ലാത്ത അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനും വഖഫ് ട്രൈബ്യൂണലിന്റെ അധികാരങ്ങള്‍ കുറക്കുന്നതിനും ഈ ഭേദഗതികള്‍ കാരണമാകും.

അരാജകത്വവും കുഴപ്പങ്ങളും സൃഷ്ടിക്കാനും ശ്രമിക്കുന്നവരുടെ കൈകളിലാണ് നിലവില്‍ രാഷ്ട്രം. അതിനാല്‍ 2024ലെ വഖഫ് ഭേദഗതി ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ ഓരോ പാര്‍ട്ടിയും രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് മുസ്ലീം പൗരന്മാരെ നിരാശരാക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി റഹ്‌മാനി പറഞ്ഞു.