'ഇസ്ലാമിക നിയമം അനുവദിക്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്ക് നല്‍കും'; വനിതാ ദിനത്തില്‍ താലിബാന്‍

ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ചുള്ള എല്ലാ മൗലികാവകാശങ്ങളും സ്ത്രീകള്‍ക്ക് നല്‍കുമെന്ന് താലിബാന്‍. അന്താരാഷ്ട്ര വനിത ദിനത്തില്‍ സ്ത്രീകള്‍ക്കുള്ള സന്ദേശമായാണ് താലിബാന്‍ ഭരണകൂടത്തിന്റെ പ്രഖ്യാപനം. സ്ത്രീകളുടെ ന്യായമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ട സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുമെന്നും താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

‘അന്താരാഷ്ട്ര വനിതാ ദിനത്തില്‍, ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ച് സ്ത്രീകള്‍ക്ക് അവരുടെ എല്ലാ മൗലികാവകാശങ്ങളും ഉണ്ടെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. അവര്‍ക്ക് അത് പ്രയോജനപ്പെടുത്താം. അവരുടെ ന്യായമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യാന്‍ ഐ.ഇ.എ പ്രതിജ്ഞാബദ്ധരാണ്.’ സുഹൈല്‍ ഷഹീന്‍ ട്വിറ്ററില്‍ കുറിച്ചു.

ജോലിക്കും വിദ്യാഭ്യാസത്തിനുമുള്ള അവകാശങ്ങള്‍ക്കായി കാബൂളില്‍ പ്രതിഷേധിക്കുന്ന ഒരു കൂട്ടം സ്ത്രീകളെ പിരിച്ചുവിടാന്‍ താലിബാന്‍ സേന കുരുമുളക് സ്‌പ്രേ പ്രയോഗിച്ച സംഭവം നടന്ന് രണ്ട് മാസത്തിനുള്ളിലാണ് ഇത്തരം പ്രഖ്യാപനമെന്ന് വാര്‍ത്താ ഏജന്‍സി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്ത ശേഷം താലിബാന്‍ അവരുടെ സര്‍ക്കാരില്‍ ഒരു സ്ത്രീയെ ഉള്‍പ്പെടുത്താനുള്ള എല്ലാ സാധ്യതകളും റദ്ദാക്കിയിരുന്നു. സ്ത്രീകള്‍ കുട്ടികളെ പ്രസവിക്കുന്നതില്‍ മാത്രം ഒതുങ്ങണമെന്ന് താലിബാന്‍ വക്താവ് പറഞ്ഞത് വിവാദമായിരുന്നു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചതും പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.