അബ്ദുള്‍ റഹീമിന്റെ മോചനം ഉടന്‍; കരാര്‍ ഒപ്പുവച്ച് വാദി ഭാഗം

വധശിക്ഷ വിധിയെ തുടര്‍ന്ന് സൗദി ജയിലില്‍ കഴിയുന്ന മലയാളി അബ്ദുള്‍ റഹീമിന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ഫലം കാണുന്നു. 16 വര്‍ഷമായി റിയാദ് ജയിലിലാണ് കോഴിക്കോട് കാടാമ്പുഴ സ്വദേശി മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുള്‍ റഹീം. വാദിഭാഗവും പ്രതിഭാഗവും അബ്ദുള്‍ റഹീമിന് മാപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്.

ദിയാ ധനമായ 15 മില്യണ്‍ റിയാലിന്റെ ചെക്ക് ഗവര്‍ണറേറ്റിന് കൈമാറിയിട്ടുണ്ട്. റിയാദ് ക്രിമിനല്‍ കോടതി ജഡ്ജിയുടെ പേരില്‍ റിയാദ് ഇന്ത്യന്‍ എംബസിയാണ് ചെക്ക് ഇഷ്യൂ ചെയ്തത്. കോടതി നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും മോചനവുമായി ബന്ധപ്പെട്ട തുടര്‍ നടപടികളിലേക്ക് കടക്കുക.

2006ല്‍ റിയാദിലെത്തിയ അബ്ദുള്‍ റഹീമിന് കഴുത്തിന് താഴെ ചലനശേഷി നഷ്ടപ്പെട്ട കുട്ടിയെ പരിചരിക്കുന്നതായിരുന്നു ജോലി. കഴുത്തില്‍ ഘടിപ്പിച്ചിരുന്ന ഉപകരണം വഴിയാണ് കുട്ടിയ്ക്ക് ആഹാരം നല്‍കിയിരുന്നത്. അബ്ദുള്‍ റഹീം ഷോപ്പിംഗിനായി കുട്ടിയെയും കൊണ്ട് വാനില്‍ പുറത്തുപോകുമ്പോള്‍ അബദ്ധത്തില്‍ കൈ ഉപകരണത്തില്‍ തട്ടിയതിനെ തുടര്‍ന്ന് കുട്ടി മരിക്കുകയായിരുന്നു.